‘കപ്പപ്പൊടിയും പിന്നെ കാട്ടുപഴങ്ങളും’; കുഞ്ഞുങ്ങളുടെ ആമസോൺ വനത്തിലെ അതിജീവനം

കൊളംബിയ : ‘കപ്പപ്പൊടിയും പിന്നെ കാട്ടുപഴങ്ങളും’– വിമാനാപകടത്തെ അദ്ഭുതകരമായി അതിജീവിച്ച 4 കുട്ടികൾ 40 ദിവസം ആമസോൺ വനത്തിൽ ജീവൻ നിലനിർത്തിയതെങ്ങനെ എന്ന ചോദ്യത്തിനു കൊളംബിയൻ സൈനിക വക്താവ് അർനുൾഫോ സാഞ്ചെസ് പറയുന്ന മറുപടിയിങ്ങനെ.

കുട്ടികളിൽ ഏറ്റവും മൂത്തവളായ പതിമൂന്നുകാരി ലെസ്‌ലിയാണ് ഈ കഥയിലെ ‘ഹീറോ’. ‘അവൾ കരുത്തു കാട്ടി. ഇളയവർക്കു കരുതൽ നൽകി. കാടിനെക്കുറിച്ചു നല്ല ധാരണയുമുണ്ടായിരുന്നു’– പ്രതിരോധമന്ത്രി ഇവാൻ വലെസ്കസ് പറയുന്നു. കുട്ടികൾ സുഖമായിരിക്കുന്നുവെന്ന് ബോഗട്ടയിലെ ആശുപത്രിയിൽ അവരെ കണ്ടശേഷം അച്ഛൻ മാനുവൽ റണോക്കും മുത്തച്ഛൻ ഫിഡെൻഷ്യോ വലെൻസിയയും അറിയിച്ചു.

വിമാനയാത്രയിൽ ഒപ്പം കരുതിയിരുന്ന 3 കിലോഗ്രാം കപ്പപ്പൊടി രക്ഷപ്പെട്ടപ്പോൾ കുട്ടികൾ എടുത്തിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ ഭക്ഷണങ്ങളിലൊന്നായ ഇതുകൊണ്ടാണു കുട്ടികൾ ആദ്യദിവസങ്ങൾ കഴിഞ്ഞത്. പഴങ്ങളിൽ ഏതു കഴിക്കണം, ഏതു കഴിക്കരുത് എന്നും കാട്ടിൽ വെള്ളം എവിടെ കണ്ടെത്താമെന്നും അറിയാമായിരുന്നു.

ഏറ്റവും ഇളയ കുട്ടിക്കു പുറമേ മൂന്നാമത്തെ കുട്ടിയുടെയും പിറന്നാൾ കാട്ടിൽവച്ചായിരുന്നു. തങ്ങൾ കണ്ടെത്തുമ്പോൾ കഷ്ടിച്ചു ശ്വാസമെടുക്കാനും കൈ എത്തിച്ചൊരു പഴമെടുക്കാനും മാത്രം കഴിയുന്നത്ര ദുർബലാവസ്ഥയിലായിരുന്നു കുട്ടികളെന്നു തിരച്ചിൽ സംഘം പറഞ്ഞു. ആശുപത്രിയിലെ ആദ്യദിവസവും സാധാരണ മട്ടിലുള്ള ഭക്ഷണം കഴിക്കാനായില്ല. എങ്കിലും ആരോഗ്യനില തൃപ്തികരമാണ്.

‘ഓപ്പറേഷൻ ഹോപ്’ ദൗത്യസംഘത്തോടൊപ്പം കാട്ടിലെത്തിയശേഷം മേയ് 18ന് കാണാതായ വിൽസൺ എന്ന ബൽജിയൻ ഷെപ്പേഡ് നായയ്ക്കായി തിരച്ചിൽ തുടരുകയാണ്. നായ തങ്ങൾക്കൊപ്പം 3–4 ദിവസം ഉണ്ടായിരുന്നുവെന്നും അപ്പോൾ തന്നെ ഭക്ഷണമില്ലാതെ ക്ഷീണിച്ചിരുന്നെന്നും കുട്ടികൾ പറഞ്ഞു.

മൂന്നു ദിവസം മു‍ൻപു വരെയും ദൗത്യസംഘം നായയെ കണ്ടെങ്കിലും അത് അടുത്തുവരാതെ മാറിപ്പോവുകയായിരുന്നു. കമാൻഡോ പരിശീലനം ലഭിച്ച് ഒന്നര വർഷമായി സൈന്യത്തിനൊപ്പമുള്ള നായ ഇത്തരത്തിൽ പെരുമാറിയത് എല്ലാവരെയും അമ്പരപ്പിക്കുന്നു. കാട്ടിലെ മൃഗങ്ങളെ കണ്ടു ഭയന്നോ മറ്റോ സ്വഭാവത്തിലുണ്ടായ മാറ്റമാകാമെന്നാണ് അനുമാനം.

Top