ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടിയുടെ മരണം; ന്യുമോണിയ ബാധിച്ചെന്ന് പൊലീസ്

കൊച്ചി: ശിശുക്ഷേമ സമിതി ഏറ്റെടുത്ത 14 വയസ്സുകാരി മരിച്ച സംഭവത്തില്‍ മരണകാരണം ന്യൂമോണിയയാണെന്ന് പൊലീസ്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമായെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കൊച്ചി ഡി.സി.പി. ഐശ്വര്യ ഡോങ്രെ മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിയുടെ മരണത്തില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ചയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും ഡി.സി.പി. വ്യക്തമാക്കി.

പീഡനത്തിനിരയായ ശേഷം ശിശുക്ഷേമ സമിതി ഏറ്റെടുത്ത പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. സമിതിയുടെ നിയന്ത്രണത്തിലുള്ള പച്ചാളത്തെ സ്ഥാപനത്തിലാണ് പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്നത്. പീഡനക്കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് പെണ്‍കുട്ടിയുടെ മരണം.

കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അസുഖവിവരം ആരെയും അറിയിച്ചില്ലെന്നുമായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹവുമായി ഇവര്‍ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. രണ്ട് വര്‍ഷം മുമ്പാണ് 14 വയസ്സുകാരി പീഡനത്തിനിരയായത്. അമ്മ സ്ഥലത്തില്ലാത്തതിനാല്‍ പെണ്‍കുട്ടിയെ പിന്നീട് ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു.

Top