നിഷ്‌ക്കളങ്കതയുടെ കുട്ടിപ്പട്ടാളം; ചിരി പടര്‍ത്തി കുരുന്നുകളുടെ ഓട്ട മത്സരം

സോഷ്യല്‍ മീഡിയ വഴി ഇപ്പോള്‍ ചിരി പടര്‍ത്തുന്നത് ഒരു ഓട്ട മത്സരത്തിന്റെ വീഡിയോയാണ്. മത്സരം നടക്കുന്ന സഥലവും സ്‌കൂളും സംബദ്ധിച്ച് കൃത്യമായ വിവരം ഒന്നുമില്ലെങ്കിലും വീഡിയോ ഇപ്പോള്‍ ലൈവറലായിരിക്കുകയാണ്.

ഓട്ട മത്സരത്തിന് കുറച്ച് നിയമങ്ങളൊക്കെയുണ്ട്. വിസിലടിച്ചാല്‍ മത്സരാര്‍ഥികള്‍ ഓടണം. മത്സരാര്‍ഥികള്‍ മാത്രമേ ഓടാന്‍ പാടുള്ളു. എന്നാല്‍, ഇവിടെ ഓടുന്നത് കാണികളാണ്. ഓട്ടമത്സരത്തിനുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ നില്‍ക്കുന്നവരാണ് മത്സരാര്‍ഥികളേക്കാള്‍ മുന്‍പ് ഓട്ടം തുടങ്ങിയത്. അതും ഓട്ട മത്സരത്തിനായി വരച്ച ട്രാക്കുകള്‍ക്ക് കുറുകെ.

മത്സരത്തിനായി വരച്ച ട്രാക്കും തയ്യാറായി നില്‍ക്കുന്ന കുട്ടികളെയുമാണ് ആദ്യം വീഡിയോയില്‍ കാണുന്നത്, ട്രാക്കിന്റെ വശത്തായി മത്സരിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി കുട്ടികള്‍ നില്‍ക്കുന്നതും കാണാം, അതിനു ശേഷമാണ് കൂട്ടച്ചിരിക്കുള്ള വകുപ്പ് ഉണ്ടാവുന്നത്.

മത്സരാര്‍ത്ഥികള്‍ക്കായുള്ള വിസില്‍ മുഴങ്ങുമ്പോഴേക്കും മത്സരിക്കുന്ന കുട്ടികള്‍ ഓടിത്തുടങ്ങുന്നതിനു മുമ്പേ ട്രാക്കിന്റെ വശത്ത് കയ്യടിക്കാന്‍ നിര്‍ത്തിയ കുട്ടിപ്പട്ടാളങ്ങള്‍ ഓടുന്നതാണ് കൂട്ടച്ചിരിക്ക് വഴിയൊരുക്കുന്നത്. ഇതു കണ്ട് അന്തം വിടുന്ന അദ്ധ്യാപകരെയും ദൃശ്യങ്ങളില്‍ കാണാം. നിഷ്‌കളങ്കതയുടെ ചിരി പടര്‍ത്തുന്ന കുട്ടികളുടെ ഓട്ടം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

Top