ആരോഗ്യ ജാഗ്രത ക്യാമ്പയിൻ , കുട്ടികളേയും പങ്കാളികളാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ ജാഗ്രത കാമ്പയിനിൽ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതാണ്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് സ്‌കൂളുകളിൽ കൊവിഡിനെതിരേയും പകർച്ചവ്യാധികൾക്കെതിരേയും അവബോധം ശക്തിപ്പെടുത്തുന്നതാണ്.

കാമ്പയിനിന്റെ ഭാഗമായി ഓരോ ആഴ്ചയിലും പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള പ്രതിജ്ഞകൾ സ്‌കൂളുകളിലുണ്ടാകും. ആരോഗ്യ വകുപ്പാണ് ഈ പ്രതിജ്ഞകൾ വിദ്യാഭ്യാസ വകുപ്പിന് തയ്യാറാക്കി നൽകുക. ആദ്യത്തെ ആഴ്ചയിൽ കൊവിഡുമായി ബന്ധപ്പെട്ട പ്രതിജ്ഞയാണുണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നിട്ടുണ്ട്. കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും കേസുകൾ ഇപ്പോഴും ചെറുതായി ഉയരുകയാണ്. എല്ലാ കാലത്തും അടച്ചിടാൻ പറ്റില്ല. കൊവിഡിനോടൊപ്പം കരുതലോടെ ജീവിക്കുകയാണ് പ്രധാനം. മഴക്കാലമായതിനാൽ പകർച്ചവ്യാധി ഭീഷണിയുമുണ്ട്. അതിനെതിരേയും ജാഗ്രത വേണം. കൊവിഡിൽ നാം പഠിച്ച ബാലപാഠങ്ങൾ എല്ലാവരും ഓർക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Top