തനിച്ച് യാത്രചെയ്യുന്ന കുട്ടികള്‍ക്ക് ഇനി അധികചാര്‍ജ് ഈടാക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

AIRINDIA

ദുബായ് : തനിച്ച് യാത്രചെയ്യുന്ന കുട്ടികള്‍ക്ക് ഇനി അധികചാര്‍ജ് ഈടാക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഓരോ യാത്രക്കും 165 ദിര്‍ഹം അഥവാ മൂവായിരത്തി അഞ്ഞൂറോളം രൂപ അധികം നല്‍കണം.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് യു.എ.ഇയിലെ ട്രാവല്‍ എജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് പുതിയ തീരുമാനം. ദുബായ് വിമാനത്താവളത്തില്‍ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ലെവി ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് അധിക തുക ഈടാക്കുന്നതെന്നും സര്‍ക്കുലര്‍ പറയുന്നു.

ഓരോ യാത്രക്കും 165 ദിര്‍ഹം ഈടാക്കുന്നതിനാല്‍ നാട്ടില്‍ പോയി മടങ്ങിവരുന്നതിന് ഒരു കുട്ടിക്ക് 330 ദിര്‍ഹം അഥവാ 6300 ഓളം ഇന്ത്യന്‍ രൂപ ടിക്കറ്റ് നിരക്കിന് പുറമേ അധികം നല്‍കേണ്ടി വരും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സിറ്റി എയര്‍പോര്‍ട്ട് ഓഫിസുകളില്‍ നിന്ന് മാത്രമേ കുട്ടികളെ തനിച്ച് അയക്കാനുള്ള ടിക്കറ്റ് ഇഷ്യൂ ചെയ്യൂ.

നേരത്തേ ട്രാവല്‍ ഏജന്‍സി, വെബ്‌സൈറ്റ് എന്നിവ വഴി ബുക്ക് ചെയ്തവര്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്ത് സിറ്റി എയര്‍പോര്‍ട്ട് ഓഫിസുകള്‍ വഴി ടിക്കറ്റെടുക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Top