തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത് ; നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ത്ഥികളും പ്രചാരണവേളകളിലോ റാലികളിലോ കുട്ടികളെ കൈകളില്‍ പിടിച്ച് നടക്കുകയോ റാലി വാഹനത്തില്‍ കയറ്റുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. നിയമം ലംഘിക്കുന്ന പാര്‍ട്ടിക്കും സ്ഥാനാര്‍ത്ഥിക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നു.

രാഷ്ട്രീയപാര്‍ട്ടിയുടെയോ സ്ഥാനാര്‍ത്ഥിയുടെയോ ചിഹ്നങ്ങള്‍ കുട്ടികളെക്കൊണ്ട് പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിലോ പ്രവര്‍ത്തനങ്ങളിലോ ജോലികളിലോ കുട്ടികളെ ഉള്‍പ്പെടുത്തരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിപ്പിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും എതിരെ ‘സീറോ ടോളറന്‍സ്’ നയംസ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

കൂടാതെ തിരഞ്ഞെടുപ്പ് കവിതകള്‍, പാട്ടുകള്‍ പാടിക്കുക. രാഷ്ട്രീയപാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം കുട്ടികളെക്കൊണ്ട് പ്രകടിപ്പിക്കുക എന്നീ കാര്യങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതായി മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

Top