പൂന്തോട്ടത്തില്‍ അടക്കം ചെയ്ത നിലയില്‍ കുട്ടികളുടെ മൃതദേഹം; പിതാവും രണ്ടാനമ്മയും അറസ്റ്റില്‍

വാഷിങ്ടന്‍: അമേരിക്കയില്‍ മക്കളുടെ മൃതദേഹം പൂന്തോട്ടത്തില്‍ അടക്കം ചെയ്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിതാവിനെയും രണ്ടാനമ്മയെയും മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ മേരി ക്രോക്കര്‍ (14), എല്‍വിന്‍ ക്രോക്കര്‍ ജൂനിയര്‍(16) എന്നിവരുടെ മൃതദേഹങ്ങളാണു പിതാവ് എല്‍വിന്‍ ക്രോക്കര്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തെ പൂന്തോട്ടത്തില്‍നിന്നു കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്.

കുട്ടികളെ കാണാനില്ലെന്നുള്ള അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് എല്‍വിന്റെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. കുട്ടികള്‍ സൗത്ത് കരോലിനയില്‍ താമസിക്കുന്ന അമ്മയുടെ വീട്ടിലേക്കു പോയെന്നാണ് എല്‍വിന്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ ഇതു കളവാണെന്നു അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിനെ തുടര്‍ന്നു പൊലീസ് നടത്തിയ തിരിച്ചിലിലാണു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മേരിയെ 2018 ഒക്ടോബര്‍ മുതലും സഹോദരനെ നവംബര്‍ 2016 മുതലും കാണാനില്ലായിരുന്നു.

എന്നാല്‍ കുട്ടികളെ കാണാതായതിനെ സംബന്ധിച്ച് ഒരു പരാതിയും മാതാപിതാക്കള്‍ നല്‍കിയിട്ടില്ല. ഇതിനെ തുടര്‍ന്നാണ് എന്‍വിന്‍, ഭാര്യ കാന്‍ഡിസ് ക്രോക്കര്‍, കാന്‍ഡിസിന്റെ അമ്മ കിം റൈറ്റ് എന്നിവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. മരണം മറച്ചുവയ്ക്കുക, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്.

Top