സ്‌ക്കൂളില്‍ കുട്ടികളെത്തിയത് ശ്രീരാമ, സീത വേഷത്തില്‍; മതേതര മൂല്യങ്ങളെ തകര്‍ക്കുന്ന നടപടിയെന്ന് എസ്എഫ്‌ഐ

പത്തനംതിട്ട: രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാചടങ്ങിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെത്തിയത് ശ്രീരാമ, സീത വേഷധാരികളായി. പത്തനംതിട്ട പന്തളത്തെ അമൃത വിദ്യാലയത്തില്‍ അമ്പും വില്ലും കയ്യിലേന്തിയാണ് കുട്ടികളെത്തിയത്. പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി സ്‌കൂളില്‍ നടക്കുന്ന ആഘോഷപരിപാടിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ശ്രീരാമന്റെയും സീതയുടെയും വേഷമണിഞ്ഞെത്തിയതെന്നാണ് സൂചനകള്‍.

പ്രൈമറി ക്ലാസിലെ കുട്ടികളും മുതിര്‍ന്ന ക്ലാസിലെ കുട്ടികളും ശ്രീരാമ, സീത വേഷത്തിലാണ് എത്തിയത്. അതേസമയം, സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥികളെ വേഷം കെട്ടിച്ചത് മതേതര മൂല്യങ്ങളെ തകര്‍ക്കുന്ന നടപടിയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്നും എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി പറഞ്ഞു. അതേസമയം, ശ്രീകൃഷ്ണജയന്തി ഉള്‍പ്പെടെ എല്ലാം സ്‌കൂളില്‍ ആഘോഷിക്കാറുണ്ടെന്ന് അമൃത സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എസ്എഫ്‌ഐ നിലപാട് കാര്യമാക്കുന്നില്ലെന്നും സ്‌ക്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

Top