ഷാര്‍ജയില്‍ ശിശുസംരക്ഷണ കേന്ദ്രം വരുന്നു

ഷാര്‍ജ: ശാരീരിക, മാനസിക പീഡനത്തിനിരയാകുന്ന കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ശിശുസംരക്ഷണ കേന്ദ്രം ഷാര്‍ജയില്‍ ഉടന്‍ യാഥാര്‍ഥ്യമാകും. ഇതിനായുള്ള കനാഫ് ശിശുസംരക്ഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം ഷാര്‍ജ ശിശുസുരക്ഷാ വകുപ്പ് (സി.എസ്.ഡി.) പരിശോധിച്ചു.

ഷാര്‍ജ ഭരണാധികാരിയുടെ പത്‌നിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സ് (എസ്.സി.എഫ്.എ.) ചെയര്‍പേഴ്സനുമായ ശൈഖ ജവാഹര്‍ ബിന്ത് മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് കനാഫ് ശിശുസംരക്ഷണ കേന്ദ്രം സ്ഥാപിതമായത്. ചൂഷണത്തിന് ഇരയാകുന്ന കുട്ടികള്‍ക്ക് സംരക്ഷണ സംവിധാനങ്ങള്‍ ഏകീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സുഖകരമായ അന്തരീക്ഷം നല്‍കി കുട്ടികളെ വൈകാരികമായി പിന്തുണയ്ക്കുകയും അതിലൂടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. ഹൗസ് ഓഫ് വിസ്ഡം സംഘടിപ്പിച്ച വര്‍ക്ഷോപ്പിലാണ് കനാഫ് ചര്‍ച്ചയായത്. ലോകമെമ്പാടുമുള്ള ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ നടപടിക്രമങ്ങളും സംവിധാനങ്ങളും സി.എസ്.ഡി. പ്രദര്‍ശിപ്പിച്ചു. പി.ഡബ്ല്യു.സി. ഡയറക്ടറും ലണ്ടനിലെ ക്രിമിനല്‍ ജസ്റ്റിസ് മുന്‍ ചീഫ് ഓഫീസറുമായ ആന്‍ഡ്രൂ മോര്‍ലി കനാഫ് പദ്ധതിയില്‍ സി.എസ്.ഡിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

2020-ല്‍ 95 കുട്ടികള്‍ക്കാണ് ശിശുസംരക്ഷണ വകുപ്പ് അടിയന്തര സഹായം നല്‍കിയത്. കുട്ടികളുടെ ഹെല്‍പ് ലൈനില്‍ ലഭിച്ച 1362 പരാതികളും വകുപ്പ് പരിഹരിച്ചു. ലൈംഗിക പീഡനം, അക്രമം, ശാരീരിക പീഡനം, അവഗണന, സ്‌കൂളിലെ പ്രശ്‌നങ്ങള്‍, സാമ്പത്തികപ്രശ്‌നങ്ങള്‍, ഭവനരഹിതര്‍, ആരോഗ്യ മാനസിക പ്രശ്‌നങ്ങള്‍ എന്നിങ്ങനെയായിരുന്നു പരാതികള്‍.

വിവിധ രാജ്യക്കാരായ കുട്ടികളായിരുന്നു പരാതിക്കാരേറെയും. ശിശുസംരക്ഷണ വകുപ്പിന്റെ ഹോട്ട്ലൈന്‍ നമ്പറിലേക്ക് 10155 കോളുകള്‍ ലഭിച്ചതായി ഷാര്‍ജ സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് സര്‍ക്കാര്‍ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ മഹാ അല്‍ മന്‍സൂരി പറഞ്ഞു. 2020 ആദ്യ എട്ട് മാസത്തിനിടെ ദുരുപയോഗത്തിന് വിധേയരായ 1279 കുട്ടികളെയാണ് വകുപ്പ് ഏറ്റെടുത്തത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വിളിക്കാം 800700.

 

Top