‘മണ്ണ് വാരി തിന്നു’ പരാമര്‍ശം: ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ് പി ദീപക്ക് രാജിവച്ചു

തിരുവനന്തപുരം : ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക് രാജിവച്ചു. തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികള്‍ മണ്ണ് തിന്നെന്ന വിവാദത്തെ തുടര്‍ന്നാണ് രാജി. ദീപക്കിനോട് രാജിവയ്ക്കാന്‍ സിപിഎം ആവശ്യപ്പെട്ടിരുന്നു.

ദീപക്കിന്റെ പ്രസ്താവന സര്‍ക്കാറിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയത് മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതോടെ ദീപക്കിനെ സ്ഥാനത്തുനിന്ന് മാറ്റാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ദീപക്ക് രാജി കത്ത് കൈമാറി. താന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് മുഖ്യമന്ത്രിക്ക് രാജി കത്ത് നല്‍കിയ ശേഷം ദിപക് പറഞ്ഞിരുന്നു.

കൈതമുക്ക് റയില്‍വേ പുറമ്പോക്ക് കോളനിയില്‍ കഴിയുന്ന ആറ് കുട്ടികളില്‍ നാല് പേരെയാണ് അമ്മയുടെ ആവശ്യപ്രകാരം ശിശുക്ഷേമസമിതി ഏറ്റെടുത്തിരുന്നത്. ഇത് വലിയ വാര്‍ത്തയായതോടെ മണ്ണ് തിന്നിട്ടില്ലെന്ന് ബാലാവകാശ കമ്മീഷനും മണ്ണ് തിന്നത് പട്ടിണിമൂലമല്ല, ശീലംകൊണ്ടാണെന്ന് കുട്ടികളുടെ അമ്മയും തിരുത്തിയിരുന്നു. ഇതോടെയാണ് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ദീപക്കിനോട് വിശദീകരണം തേടിയത്.

സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗമായ ദീപകിനെതിരെ പാര്‍ട്ടി തലത്തിലും നടപടി ഉണ്ടാകും.

Top