കനക ദുര്‍ഗയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം കുട്ടികളെ കാണാന്‍ അനുവാദം

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയെന്ന കാരണത്താല്‍ വീട്ടുകാര്‍ ഉപേക്ഷിച്ച കനക ദുര്‍ഗയ്ക്ക് കുട്ടികളെ കാണാന്‍ അനുവാദം. കനകദുര്‍ഗക്ക് ആഴ്ച്ചയില്‍ ഒരു ദിവസം കുട്ടികളെ വിട്ടുകൊടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശിച്ചു. ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണി മുതല്‍ ഞായറാഴ്ച്ച വൈകീട്ട് 5 മണി വരെയാണ് കനകദുര്‍ഗയ്ക്ക് കുട്ടികളെ കാണാനുള്ള അനുമതി കിട്ടിയിരിക്കുന്നത്.

ശബരിമലയില്‍ ദര്‍ശനം നടത്തിയ വിരോധത്തില്‍ കുട്ടികളെ കാണാന്‍ ഭര്‍ത്താവും വീട്ടുകാരും അനുവദിക്കുന്നില്ലെന്നായിരുന്നു കനക ദുര്‍ഗയുടെ പരാതി. കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ സന്തോഷമെന്ന് കനക ദുര്‍ഗ അറിയിച്ചു.

നേരത്തെ ഒരിക്കല്‍ വീട്ടിലെത്തിയപ്പോള്‍ കനകദുര്‍ഗയ്ക്ക് ഭര്‍തൃമാതാവില്‍ നിന്നും സഹോദരനില്‍ നിന്നും മര്‍ദനമേറ്റെന്ന് ആരോപണമുയര്‍ന്നിരുന്നു. കനകദുര്‍ഗ, തന്നെയാണ് മര്‍ദിച്ചതെന്നാരോപിച്ച് ഭര്‍തൃമാതാവും ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് കോടതിവിധി നേടിയാണ് കനകദുര്‍ഗ ഭര്‍തൃവീട്ടിലേക്ക് എത്തിയത്. എന്നാല്‍ വീട്ടില്‍ തുടരാന്‍ വിസമ്മതിച്ച ഭര്‍തൃമാതാവുള്‍പ്പടെയുള്ളവര്‍ വേറെ വീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു.

Top