രാജ്യത്ത് കൊവിഡ് മൂലം അനാഥരാക്കപ്പെട്ടത് ഒരു ലക്ഷത്തില്‍ പരം കുട്ടികളെന്ന് ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ച 2020 ഏപ്രില്‍ മുതല്‍ 2022 ജനുവരി വരെ രാജ്യത്ത് അനാഥരാക്കപ്പെട്ടത് ഒരു ലക്ഷത്തില്‍ പരം കുട്ടികള്‍ എന്ന് കേന്ദ്ര ബാലാവകാശ കമ്മീഷന്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. ബാല്‍ സ്വരാജ് പോര്‍ട്ടലിലെ കണക്കുകളെ ആധാരമാക്കിക്കൊണ്ട് കമ്മീഷന്‍ പറഞ്ഞത്. 10,094 കുട്ടികള്‍ക്കാണ് അച്ഛനെയും അമ്മയെയും നഷ്ടമായത്. രണ്ടില്‍ ഒരു രക്ഷിതാവിനെ നഷ്ടമായവരുടെ എണ്ണം 1,36,910 ആണ്.

കൊവിഡ് വ്യാപനത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടിട്ടുള്ളത് 488 കുഞ്ഞുങ്ങളാണ്. കൊവിഡ് കെടുതികള്‍ക്കിടയില്‍ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സുവോ മോട്ടോ ആയി കേസ് പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ദേശീയ ബാലാവകാശ കമ്മീഷനോട് ഇത് സംബന്ധിച്ച കണക്കുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത്.

മൂന്നാം കൊവിഡ് തരംഗത്തിന്റെ സമയത്ത് കുട്ടികളെ കണക്കിലെടുത്തുകൊണ്ടുള്ള ഭാവി പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താന്‍ വേണ്ടി, സംസ്ഥാനത്തെ ബാലാവകാശ കമ്മീഷനുകള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചു വരികയാണ് എന്നും കേന്ദ്ര കമ്മീഷന്‍ പരമോന്നത നീതിപീഠത്തെ അറിയിച്ചു.

അതാത് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നവജാത ശിശു പരിചരണം, പീഡിയാട്രിക് വാര്‍ഡുകള്‍, അനാഥരായ കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള സംവിധാനങ്ങള്‍, തെരുവില്‍ കഴിയുന്ന കുട്ടികളുടെ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും കോടതി ദേശീയ കമ്മീഷനെ ഓര്‍മിപ്പിച്ചു.

Top