നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള ഉത്തരവിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

മലപ്പുറം: നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള പങ്കെടുപ്പിക്കാനുള്ള ഉത്തരവിനെതിരെ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍.സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയക്ടറോട് വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേര്‍ത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. നവകേരള സദസിലേക്ക് സ്‌കൂള്‍ ബസുകള്‍ വിട്ടു കൊടുക്കാനുള്ള നിര്‍ദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയായിരുന്നു സ്‌കൂള്‍ കുട്ടികളെത്തന്നെ നിര്‍ബന്ധമായും സദസില്‍ പങ്കെടുപ്പിക്കണമെന്ന ഡിഇഒയുടെ കടുത്ത നിര്‍ദേശം.

താനൂര്‍ ഉപജില്ലയിലെ ഒരു സ്‌കൂളില്‍ നിന്ന് കുറഞ്ഞത് 200 കുട്ടികളെ വീതവും തിരൂരങ്ങാടി വേങ്ങര, പരപ്പനങ്ങാടി ഉപജില്ലകളില്‍ നിന്നായി കുറഞ്ഞത് നൂറുകുട്ടികളെയും എത്തിക്കണം എന്നുമായിരുന്നു നിര്‍ദേശം. അതും അച്ചടക്കമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് കൊണ്ടുപോകണമെന്നും വിചിത്രമായ കൂട്ടിച്ചേര്‍ക്കലും ഉത്തരവിലുണ്ട്. പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയ അധ്യാപകര്‍ക്ക് മുകളില്‍ നിന്നുള്ള ഉത്തരവെന്നായിരുന്നു ഡിഇഒയുടെ മറുപടി. വിവാദ നിര്‍ദ്ദേശത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.വിവാദമായതിന് പിന്നാലെ നിര്‍ബന്ധമായും കുട്ടികളെ പങ്കെടുപ്പിക്കണമെന്നു പറഞ്ഞില്ലെന്നും പഠനത്തിന്റെ ഭാഗമായി സദസ് സന്ദര്‍ശിക്കാന്‍ അവസരം നല്‍കണമെന്നാണ് നിര്‍ദേശമെന്നുമായിരുന്നു തിരൂരങ്ങാടി ഡിഇഒ ടി എം വിക്രമന്റെ വിശദീകരണം.

Top