ബാലാവകാശ നിയമം കൂടുതല്‍ ശക്തമാക്കി യു.എ.ഇ; 23 വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി

ബാലാവകാശ സംരക്ഷണ നിയമം കൂടുതല്‍ ശക്തമാക്കി യു.എ.ഇ. പുതുതായി 23 വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് യു.എഇ മന്ത്രിസഭ ബാലാവകാശ നിയമം പരിഷ്‌കരിച്ചത്. 15 വയസിന് താഴെയുള്ള കുട്ടികളെ കൊണ്ട് ജോലിയെടുപ്പിക്കുന്നത് നിയമം കര്‍ശനമായി വിലക്കിയിട്ടുണ്ട്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് പുതിയ ഉത്തരവ് പുറത്തതിറക്കിയത്.

കുട്ടികള്‍ക്കെതിരായ അതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിന് സ്‌കൂളുകളെയും സ്‌കൂള്‍ അധികൃതരെയും ഉള്‍പ്പെടുത്തി മന്ത്രിസഭ പ്രത്യേക റിപ്പോര്‍ട്ടിങ് സംവിധാനത്തിന് രൂപം നല്‍കി. 15 ന് വയസിന് മുകളിലുള്ള കുട്ടികള്‍ തൊഴിലെടുക്കാന്‍ ആരോഗ്യമുള്ളവരാണെന്ന് രണ്ട് മന്ത്രാലയങ്ങള്‍ സാക്ഷ്യപ്പെടുത്തിയാലേ ജോലിക്ക് നിയോഗിക്കാവൂ എന്നും കുടുംബങ്ങള്‍ക്ക് സംരക്ഷിക്കാന്‍ കഴിയാത്ത കുട്ടികളെ മറ്റു കുടുംബങ്ങള്‍ ഏറ്റെടുക്കുന്നതിനും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതും നിയമപരമായെ സാധിക്കൂ എന്നും മന്ത്രിസഭ വ്യക്തമാക്കി.

യു.എ.ഇയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍, ടെലിവിഷന്‍ പരിപാടികള്‍ എന്നിവ കുട്ടികള്‍ക്ക് കാണാന്‍ യോഗ്യതയുള്ളതാണെന്ന് പ്രത്യേകം രേഖപ്പെടുത്തണമെന്നും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ വിവരങ്ങള്‍ പ്രത്യേകം സൂക്ഷിക്കാനും നിയമത്തില്‍ നിര്‍ദേശമുണ്ട്.

Top