ചൈൽഡ് പോണോഗ്രഫി: ട്വിറ്റർ 23 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു 

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ബലാത്സംഗവുമായി ബന്ധപ്പെട്ടതുമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് 23 ട്വിറ്റർ അക്കൗണ്ടുകൾ ഡൽഹി പൊലീസിന്റെ സൈബർ ക്രൈം യൂണിറ്റ് ബ്ലോക്ക് ചെയ്തു. സാമൂഹ്യമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള നിരവധി ട്വീറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി വനിതാ കമ്മീഷൻ ഡൽഹി പൊലീസിനും ട്വിറ്ററിനും സമൻസ് അയച്ചിരുന്നു. സെപ്തംബർ 20 നായിരുന്നു വനിതാകമ്മീഷന്റെ ഇടപെടൽ. തുടർന്ന് സൈബർ ക്രൈം വിഭാഗം ആദ്യം പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് ഇത്തരം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിന് കത്തെഴുതുകയും ചെയ്തു.

അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കത്തെഴിതിയതിന് പിന്നാലെയാണ് ട്വിറ്റർ നടപടി സ്വീകരിച്ചതെന്ന് സൈബർ ക്രൈം യൂണിറ്റ് പ്രശാന്ത് പ്രിയ ഗൗതം പറഞ്ഞു. ഇതുവരെ 23 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള കൂടുതൽ അക്കൗണ്ടുകൾ കണ്ടെത്തുന്നതിനും പ്രതികളെ പിടികൂടുന്നതിനുമായി കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ അക്കൗണ്ട് ഉപയോക്താക്കൾ ആരാണെന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യൽ മീഡിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കേസുകളില്‍ അക്കൗണ്ട് ഉപയോഗിച്ചത് ആരാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടായതിനാൽ അന്വേഷണത്തിന് സമയമെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സെപ്തംബർ 30നകം വിശദമായ പ്രതികരണം സമർപ്പിക്കാൻ ഡൽഹി പൊലീസിനോടും ട്വിറ്ററിനോടും വനിതാകമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Top