ശിശു പീഡകര്‍ക്കെതിരെ കടുത്ത നടപടിയുമായി കസാഖിസ്ഥാന്‍

അസ്താന: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ ദയാരഹിതമായ നടപടിയുമായി മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായ കസാഖിസ്ഥാന്‍. ശിശു പീഡനക്കേസുകളില്‍ പ്രതികളായ 2000 പേരെ നിര്‍ബന്ധിത ഷണ്ഡീകരണത്തിന് വിധേയനാക്കാനാണ് കസാഖിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.

ഇതിനായുള്ള 2000 കുത്തിവെപ്പിനുള്ള ഫണ്ടിന് സര്‍ക്കാര്‍ അനുമതിനല്‍കി. 37,200 ഓസ്‌ട്രേലിയന്‍ ഡോളറിന്റെ (ഏകദേശം 19 ലക്ഷം രൂപ) ഫണ്ടിനാണ് കസാഖിസ്ഥാന്‍ പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവ് അംഗീകാരം നല്‍കിയത്.

തുര്‍ക്കിസ്ഥാന്‍ പ്രവിശ്യയിലുള്ള ഒരു പ്രതിയ്ക്ക് കുത്തിവെയ്പ്പ് നടത്തി, നിര്‍ബന്ധിത ഷണ്ഡീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് കസാഖ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതരുടെ മേല്‍നോട്ടത്തിലാണ് കുത്തിവെയ്പ്പ് നടക്കുന്നത്. എന്നാല്‍ ഇയാളുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 2016 ഏപ്രിലില്‍ ഒരു കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇയാളെ നിര്‍ബന്ധിത ഷണ്ഡീകരണത്തിന് വിധിച്ചിരുന്നു.

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കേസുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ മരുന്നുപയോഗിച്ച് ഷണ്ഡീകരിക്കാനുള്ള നിയമം കസാഖിസ്ഥാന്‍ ഈ വര്‍ഷം ആദ്യം പാസാക്കിയിരുന്നു. ബാല ലൈംഗിക പീഡനക്കേസുകളില്‍ 20 വര്‍ഷംവരെ തടവുശിക്ഷയാണ് കസാഖിസ്ഥാന്‍ നല്‍കുന്നത്. 2010 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളില്‍ രാജ്യത്ത് കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസുകള്‍ ഇരട്ടിയിലേറെ ഉയര്‍ന്ന് ആയിരവും കടന്നതായി കണ്ടെത്തിയിരുന്നു.

Top