Child marriages jump during summer in Hyderabad

ഹൈദരാബാദ്: നഗരത്തിലും അതിര്‍ത്തി പ്രദേശങ്ങളിലും മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ശൈശവ വിവാഹങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി വനിതാ ശിശുക്ഷേമ വകുപ്പും ചൈല്‍ഡ് ലൈന്‍ അധികൃതരും വ്യക്തമാക്കി. ഈ മാസങ്ങളിലാണ് ശൈശ വിവാഹങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ കൂടുതല്‍ ലഭിക്കുന്നത്.

കഴിഞ്ഞ ഏഴ് ആഴ്ചക്കുള്ളില്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പത്ത് പെണ്‍കുഞ്ഞുങ്ങളെയാണ് ശൈശവ വിവാഹത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ജില്ലാ അധികൃതര്‍ നാല്‍പതു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും വിവാഹത്തില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്.

പത്താം ക്ലാസ് കഴിയുന്ന വിദ്യാര്‍ത്ഥികളെയാണ് വിവാഹം കഴിപ്പിച്ച് അയക്കുന്നത് പതിവായിരിക്കുന്നത്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് കൂടൂതല്‍ കുട്ടികളെ രക്ഷിച്ചതെന്ന് ജില്ലാ ശിശുക്ഷേമ കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു.

ഇതില്‍ നിന്നും രക്ഷകര്‍ത്താക്കള്‍ മുന്‍കൂട്ടി നിശ്ചയിച്ചതാണ് വിവാഹങ്ങള്‍ എന്ന് വ്യക്തമാണ്. കുട്ടികള്‍ വളര്‍ന്നു കഴിഞ്ഞാല്‍ സ്ത്രീധനം കൂടുതല്‍ കൊടുക്കേണ്ടി വരുമെന്ന ചിന്തയാണ് അവരെ ഇത്തരം പ്രവര്‍ത്തിയിലേക്ക് നയിക്കുന്നത്.

ഒപ്പം തന്നെ കുട്ടികള്‍ പ്രണയബന്ധങ്ങളില്‍പെട്ട് കുടുംബത്തിന് മാനഹാനി ഉണ്ടാക്കുമോ എന്ന ചിന്തയും രക്ഷകര്‍ത്താക്കള്‍ പെണ്‍കുട്ടികളെ ചെറുപ്രായത്തിലെ വിവാഹം കഴിപ്പിക്കാനുള്ള തീരുമാനത്തിലെത്തിക്കുന്നു എന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അംഗമായ അച്യൂത റാവു പറയുന്നു.

കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ 20 പെണ്‍കുട്ടികളെയാണ് ഇവര്‍ ശൈശവ വിവാഹത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ മാതാപിതാക്കള്‍ക്കായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ ഹൈദരാബാദ് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പതിനഞ്ചുകാരിയുടെ ശൈശവ വിവാഹം തടഞ്ഞ് കുട്ടിയെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി.

ഏപ്രില്‍ 22നാണ് കുട്ടിയുടെ വിവാഹം 30കാരനുമായി ഉറപ്പിച്ചത്. സ്ത്രീധനമായി അഞ്ചു ലക്ഷം രൂപയാണ് മസ്‌ക്കറ്റില്‍ ജോലിചെയ്യുന്ന പയ്യന് നല്‍കാന്‍ തീരുമാനിച്ചിരുന്നത്.

ചില ഉറവിടങ്ങളില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ കുട്ടിയുടെ വീട്ടില്‍ എത്തിയത്. കൂടുതല്‍ അന്വേഷണത്തില്‍ വരന്റെ രണ്ടാംവിവാഹമാണ് ഇതെന്ന് അവര്‍ കണ്ടെത്തി.

ടി.വി ചാനലിലൂടെ വിവരം അറിഞ്ഞ ഇയാളുടെ ആദ്യ ഭാര്യ സംഭവ സ്ഥലത്തെത്തി. വന്ന കല്ല്യാണ ആലോചനകളില്‍ ഏറ്റവും കുറഞ്ഞ സ്ത്രീധനം ചോദിച്ചത് ഇവരായതിനാലാണ് പെണ്‍കുട്ടിയുടെ പിതാവ് വിവാഹം നടത്താന്‍ നിശ്ചയിച്ചത്.

Top