ശൈശവവിവാഹം; മകളെ വിവാഹം കഴിപ്പിക്കുന്നതിനെ എതിര്‍ത്ത ഭാര്യയുടെ കാലുകള്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിപ്പിക്കുന്നതിനെ എതിര്‍ത്ത ഭാര്യയുടെ കാലുകള്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു. ബൈല്‍ഹൊങ്കല്‍ ഹരുഗൊപ്പ സ്വദേശി ബീരപ്പയാണ് ഭാര്യ മായക്കയുടെ കാല്‍ തല്ലിയൊടിച്ചത്. അയല്‍വാസികള്‍ മായക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയിലാണ് സംഭവം. 13 വയസ്സുള്ള മകളെയാണ് ബീരപ്പ അകന്നബന്ധത്തിലുള്ളയാള്‍ക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കാനൊരുങ്ങിയത്. എന്നാല്‍, മകള്‍ക്ക് വിവാഹപ്രായമായില്ലെന്നും പഠിക്കാന്‍ വിടണമെന്നും പറഞ്ഞ് മായക്ക വിവാഹത്തെ എതിര്‍ത്തു. ഇതേത്തുടര്‍ന്നുണ്ടായ വഴക്കിനിടെ മായക്കയുടെ കാല്‍ ബീരപ്പ തല്ലിയൊടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

കര്‍ണാടകത്തില്‍ ശൈശവവിവാഹങ്ങള്‍ കൂടുന്നുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2023 ഏപ്രില്‍മുതല്‍ ഈവര്‍ഷം ജനുവരി വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 609 ശൈശവവിവാഹങ്ങളാണ് നടന്നത്. 71 വിവാഹങ്ങള്‍ നടന്ന ബെലഗാവി ജില്ലയിലാണ് കൂടുതല്‍. ഇക്കാലയളവില്‍ ഇതുസംബന്ധിച്ച് 2141 പരാതികള്‍ ലഭിച്ചതില്‍ 1531 ശൈശവവിവാഹങ്ങള്‍ തടഞ്ഞതായും വനിത-ശിശുക്ഷേമ വകുപ്പില്‍നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. 563 കേസുകളാണ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. 69 വിവാഹങ്ങള്‍ കോലാറില്‍ നടന്നു. ചിത്രദുര്‍ഗയില്‍ 43-ഉം മാണ്ഡ്യയില്‍ 41-ഉം ശിവമോഗയില്‍ 40-ഉം മൈസൂരുവില്‍ 38-ഉം ശൈശവവിവാഹങ്ങള്‍ നടന്നു.

2022-’23 വര്‍ഷം 328 ശൈശവവിവാഹങ്ങളാണ് റിപ്പോര്‍ട്ടുചെയ്തത്. 2522 പരാതികള്‍ ലഭിച്ചതില്‍ 2194 ശൈശവവിവാഹങ്ങള്‍ തടയാന്‍ സാധിച്ചു. 2022-’23 വര്‍ഷം മാണ്ഡ്യയിലാണ് കൂടുതല്‍ ശൈശവവിവാഹങ്ങള്‍ നടന്നത് 62 എണ്ണം. ശിവമോഗയില്‍ 51 വിവാഹങ്ങളും മൈസൂരുവില്‍ 36 വിവാഹങ്ങളും നടന്നു. ദാരിദ്ര്യമാണ് ശൈശവവിവാഹങ്ങള്‍ക്കുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

Top