കേരളത്തില്‍ 2018-19ല്‍ നടന്നത് 222 ശൈശവ വിവാഹങ്ങള്‍ ; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കണ്ണൂര്‍: കേരളത്തില്‍ ശൈശവ വിവാഹം എന്ന ക്രൂരമായ ലൈഗിക അതിക്രമം ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ രേഖകള്‍ പുറത്ത്. 2018- 19ല്‍ സംസ്ഥാനത്ത് 222 ശൈശവവിവാഹങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളുടെ കണക്കാണിത്. അവിടെ നിന്നുള്ള കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് നടക്കുന്ന കുട്ടിക്കല്യാണങ്ങള്‍ കണ്ടെത്തിയത്. ഇതു സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് കേരള കൗമുദിയാണ്.

വിവാഹത്തിന് മുമ്പ് വിവരം ലഭിച്ച ചടങ്ങുകള്‍ ചൈല്‍ഡ്‌ലൈന്‍ തടഞ്ഞിരുന്നു. എന്നാല്‍, അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതെ വിവാഹം നടന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 209 പെണ്‍കുട്ടികളേയും 13 ആണ്‍കുട്ടികളെയുമാണ് കല്യാണം കഴിപ്പിക്കാന്‍ ശ്രമമുണ്ടായത്. ഇതില്‍ 5 പേര്‍ വയനാട് സ്വദേശികളാണ്. ഇടുക്കിയില്‍ രണ്ടും തിരുവനന്തപുരത്ത് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.

209 പെണ്‍കുട്ടികളില്‍ പത്തുവയസ് കഴിഞ്ഞ ഒരു പെണ്‍കുട്ടിയുടെ വിവാഹശ്രമം വയനാട്ടില്‍ നടന്നു. 13നും 15നും മദ്ധ്യേപ്രായത്തിലുള്ള 28ഉം 16നും 18നും ഇടയില്‍ പ്രായമുള്ളവരെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ച 180 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ എല്ലാ മതവിഭാഗത്തില്‍പെട്ടവരുമുണ്ട്. റിപ്പോര്‍ട്ട് ചെയ്ത 222 സംഭവങ്ങളില്‍ 172 ഉം തടയാനായെന്നും ആറ് കേസുകളില്‍ വിവാഹം തടയാനായില്ലെന്നും ചൈല്‍ഡ്‌ലൈന്‍ വൃത്തങ്ങള്‍ പറയുന്നു. 19 കേസുകളില്‍ പൊലീസ് സഹായം തേടി. 21 അറസ്റ്റുകളാണ് ഇതിന്റെ ഭാഗമായുണ്ടായത്. ഇതില്‍ 15 പേര്‍ വരന്മാരും ആറുപേര്‍ രക്ഷിതാക്കളുമാണെന്ന് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

മലപ്പുറം ജില്ലയില്‍ കണ്ടെത്തിയത് 64 പെണ്‍കുട്ടികളുടെ വിവാഹമാണ്. ഇതില്‍ 15 വയസിന് താഴെയുള്ള ആറും 16 ന് മുകളില്‍ പ്രായമുള്ള 58പേരുമുണ്ട്. ഇടുക്കി- 33, പാലക്കാട്- 38, വയനാട്- 30 എന്നിങ്ങനെയാണ് തൊട്ടടുത്ത കണക്കുകള്‍. വയനാട്ടില്‍ 27എണ്ണവും ആദിവാസി വിഭാഗത്തിനിടയിലാണ്. ഈ വര്‍ഷം കണ്ണൂര്‍ ജില്ലയില്‍ 20 ശൈശവ വിവാഹങ്ങളാണ് തടഞ്ഞത്. ഇടുക്കിയിലും തിരുവനന്തപുരത്തും തമിഴ് ഭൂരിപക്ഷ മേഖലകളില്‍ ശൈശവ വിവാഹം നടക്കുന്നുണ്ടെന്നും കണ്ടെത്തലുണ്ട്.

Top