child marriage in hyderabad

Child marriage

ഹൈദരാബാദ് : വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി രഹസ്യമായി 13,15 വയസുള്ള കുട്ടികളുടെ വിവാഹം.

കുടുംബക്കാരുടെ അന്ധവിശ്വാസമാണ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവാഹത്തിലേക്ക് വീട്ടുകാരെ എത്തിച്ചത്. ഹൈദരാബാദിലാണ് സംഭവം. സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് കുട്ടികളെ ബാല സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ബാലവിവാഹ നിരോധന നിയമപ്രകാരം വീട്ടുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

വിവാഹതിരാവാന്‍ പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും വേണ്ട കുറഞ്ഞ പ്രായം 18, 21 ആണെന്ന് ബോധ്യമുള്ളവരാണ് മാതാപിതാക്കളും കുടുംബവും പക്ഷെ അന്ധവിശ്വാസങ്ങളെ കൂട്ടുപിടിച്ച് കൊണ്ട് കുടുംബത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാണ് കുട്ടികളെ വിവാഹം ചെയ്യിപ്പിച്ചതെന്നാണ് മാതാപിതാക്കളുടെ ന്യായീകരണം.

നിയമം എതിരാണെങ്കിലും തങ്ങള്‍ ചെയ്യുന്നത് ശരിയാണെന്ന് കുടുംബാംഗങ്ങള്‍ പറയുകയും ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നുതാനും. ഇരു വീട്ടുകാരും സംഭവത്തില്‍ കുറ്റം ഏറ്റുപറയാത്ത വിധം അന്ധവിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരാണെന്നതും ശ്രദ്ധേയമാണ്.

‘ഇത് ഞങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യമാണ്. വേദങ്ങളെ കുറിച്ച് അറിവുള്ളവരാണ് ഞങ്ങള്‍. ഞങ്ങള്‍ ചെയ്തത് വേദങ്ങളില്‍ പറഞ്ഞ കാര്യമാണ്’. വീട്ടുകാരിലൊരാള്‍ പറയുന്നു.

‘കുട്ടികളുടെ നന്മയ്ക്കു വേണ്ടിയാണ് ഇത്തരമൊരു വിവാഹം നടത്തിയത്. എന്നാല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടുകയാണുണ്ടായത്.ഹിന്ദു പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. പക്ഷെ നിങ്ങള്‍ ഞങ്ങളെ ക്ഷേത്രത്തില്‍ നിന്ന് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് വന്നിരിക്കുന്നു’. പെണ്‍കുട്ടിയുടെ അച്ഛന്‍ എന്‍ ഡി ടി വിയോട് പറഞ്ഞു.

ദാരിദ്ര്യമല്ല പകരം അന്ധവിശ്വാസമാണ് ഈ ബാല വിവാഹത്തിലേക്ക് വീട്ടുകാരെ എത്തിച്ചതെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം അച്യുത റാവു പറയുന്നു. കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ല, പക്ഷെ വിവാഹം തങ്ങള്‍ക്ക് അഭിവൃദ്ധി കൊണ്ടുവരുമെന്ന് കുടുംബം വിശ്വസിക്കുന്നു കമ്മീഷനംഗം പറയുന്നു. എന്‍.ഡി.ടി.വിയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടു വന്നത്.

Top