child marriage ;court order

court order

മലപ്പുറം: മലപ്പുറത്ത് നടക്കാനിരുന്ന പന്ത്രണ്ട് പെണ്‍കുട്ടികളുടെ ശൈശവ വിവാഹം നിലമ്പൂര്‍ കോടതി ഇടപ്പെട്ട് തടഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ തീരുമാനിച്ച മാതാപിതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ ശിശു സംരക്ഷണ ഓഫീസറും ശൈശവ വിവാഹ നിരോധന ഓഫീസറും സംയുക്തമായി സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി ഇടപ്പെട്ടത്.

ശിശു ക്ഷേമ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചും മാതാപിതാക്കള്‍ പെണ്‍കുട്ടികളുടെ വിവാഹവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിവാഹം തടയണമെന്നായിരുന്നു അധികൃതരുടെ ആവശ്യം.

12 പെണ്‍കുട്ടികളുടേയും മാതാപിതാക്കളോട് തിങ്കളാഴ്ച്ച ഹാജരാകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണ് വിവാഹം തടയാന്‍ ഇടക്കാല ഉത്തരവിറക്കിയത്.

കുട്ടികള്‍ക്ക് 18 വയസ്സ് തികയുന്നത് വരെ വിവാഹം നടത്തരുതെന്നും കോടതി ഉത്തരവിട്ടു.

12 പെണ്‍കുട്ടികളില്‍ ഒരുകുട്ടിക്ക് 15 വയസാണുള്ളത്. ആറ് പെണ്‍കുട്ടികളുടെ വയസ്സ് 16. 17 വയസ്സുള്ള അഞ്ച് പെണ്‍കുട്ടികളും. മുത്തേടത്തും സമീപ പ്രദേശങ്ങളിലുമുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലാണ് ഈ പെണ്‍കുട്ടികള്‍ പഠിക്കുന്നത്.

ശൈശവ വിവാഹ നിരോധന നിയമമനുസരിച്ചാണ് കോടതിയുടെ ഉത്തരവ്. ഉത്തരവ് ലംഘിച്ച് കുട്ടികളുടെ മാതാപിതാക്കള്‍ പെണ്‍കുട്ടികളുടെ വിവാഹം നടത്തിയാല്‍ കോടതിയലക്ഷ്യമാകും.

ശൈശവ വിവാഹ നിരോധ നിയമപ്രകാരം കേസും നേരിടേണ്ടി വരും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഒരു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും അടയ്‌ക്കേണ്ടി വരും.

നിലമ്പൂര്‍ അഡീഷണല്‍ ശിശുക്ഷേമ സമിതി ഓഫീസര്‍ ഡോ. പ്രീത കുമാരിയും ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സ്‌കീം സൂപ്പര്‍വൈസര്‍ മൈമുനയും ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സമീര്‍ മച്ചിങ്ങലും ചേര്‍ന്നാണ് ശൈശവ വിവാഹം തടയാന്‍ കോടതിയെ സമീപിച്ചത്.

കഴിഞ്ഞവര്‍ഷം മാത്രം ജില്ലയില്‍ നൂറിലധികം ശൈശവ വിവാഹ പരാതികള്‍ ലഭിച്ചതായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്(DCPU) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Top