നാടോടി ദമ്പതികളുടെ 24 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

child-death

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മീന്‍ചന്തയ്ക്ക് സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളുടെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. നാടോടിദമ്പതിമാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്‍ ഡോ. എസ്.ഗോപാലകൃഷ്ണപിള്ള പ്രാഥമികപരിശോധന നടത്തിയശേഷം അസ്ഥികൂടം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍പരിശോധനയിലേ കുട്ടിയുടേത് സ്വാഭാവിക മരണമാണോ കൊലപാതകമാണോ എന്ന് വ്യക്തമാകൂ.

രാജസ്ഥാന്‍ സ്വദേശികളായ ബന്ന-കാജല്‍ ദമ്പതിമാരുടെ 24 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ആഗസ്റ്റ് 12ന് ഇവര്‍ രാജസ്ഥാനിലേയ്ക്ക് പോകാന്‍ കണ്ണൂരില്‍ നിന്നും ട്രെയിന്‍ കയറി എങ്കിലും കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍ കാരണം ട്രെയിന്‍ റദ്ദാക്കിയതോടെ ഇവര്‍ കാഞ്ഞങ്ങാട്ടിറങ്ങി. അന്നു രാത്രി കാഞ്ഞങ്ങാട് റെയില്‍വേ പ്ലാറ്റ്ഫോമില്‍ കിടന്നു. രാത്രി 12-ഓടെ കുഞ്ഞിന് വിറയലനുഭവപ്പെടുകയും പെട്ടെന്ന് മരിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ കുഞ്ഞിന്റെ മൃതദേഹമെടുത്ത് തൊട്ടടുത്ത് മീന്‍ചന്തയോടു ചേര്‍ന്നുള്ള കുറ്റിക്കാട്ടിലേയ്ക്ക് ബെന്ന അവിടെ കുഴിയെടുത്ത് മൃതദേഹം മണ്ണിട്ടുമൂടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഭാര്യയെയുംകൂട്ടി കണ്ണൂരിലേക്ക് പോയി. ഇതാണ് ബന്ന ഏറ്റവും ഒടുവില്‍ പോലീസിന് നല്‍കിയ മൊഴിയെന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.വിനോദ്കുമാര്‍ പറഞ്ഞു.

കഴിഞ്ഞദിവസം കണ്ണൂര്‍ പോലീസ് മൈതാനത്തിനടുത്ത് നാടോടികള്‍ തമ്മില്‍ തര്‍ക്കവും സംഘട്ടനവും നടന്നതിനെ തുടര്‍ന്ന് ബന്നയും കാജലും ഉള്‍പ്പെടെ ഏതാനും നാടോടികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലിനിടയില്‍ ഇവര്‍ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട കാര്യവും പറയുകയായിരുന്നു.

കുട്ടിയെ കൊലപ്പെടുത്തിയെന്നും ഇത് ചെയ്തത് ഭാര്യയുടെ കാമുകനാണെന്നുമാണ് ബന്ന ആദ്യം പൊലീസിനോട് പറഞ്ഞത്. കുഞ്ഞ് പനിബാധിച്ച് മരിച്ചെന്നായിരുന്നു കാജലിന്റെ മൊഴി. ഇരുവരും പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതോടെ രണ്ടുപേരെയും കണ്ണൂര്‍ ടൗണ്‍ പോലീസ് ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറി.

ശനിയാഴ്ച രാവിലെ കാജലിനെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കൊണ്ടുവന്നെങ്കിലും കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം ഇവര്‍ക്കറിയില്ലെന്ന് പൊലീസിന് ബോധ്യപ്പെട്ടു. ഞായറാഴ്ച ഖന്നയെ സ്ഥലത്ത് കൊണ്ടുവരുകയും ഇയാള്‍ കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. ബന്ന കാണിച്ചുകൊടുത്ത സ്ഥലത്തുനിന്നാണ് തിങ്കളാഴ്ച കുഞ്ഞിന്റെ അസ്ഥികൂടം ലഭിച്ചത്.

Top