രാജാവിന്റെ മകനെ കാണാം സൂപ്പര്‍മാര്‍ക്കറ്റില്‍

കൊച്ചി : രാജാവിന്റെ മകന്‍ എന്ന തമ്പി കണ്ണന്താനം ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്്. ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു, അങ്കിളിന്റെ ഫാദര്‍ ആരാണെന്ന് ?

രാജുമോനെ രക്ഷിക്കാന്‍ ദൈവദൂതനെപ്പോലെ അവതരിച്ച നായകനും ചിത്രത്തിന്റെ സംവിധായകനും നായിക അംബികയുമൊക്കെ പിന്നീട് മലയാളി മനസില്‍ ഇടം പിടിച്ചു. എന്നാല്‍ രാജുമോന്‍ പിന്നീട് ബിസിനസിന്റെ പിന്നാലെയാണ് നടന്നത്.പ്രശോഭ് എന്നാണ് പേര്. കോഴിക്കോട് കോട്ടുളി സ്വദേശിയായ പ്രശോഭ് ഇപ്പോള്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനടുത്ത് അക്ഷയ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമയാണ്.

36 വര്‍ഷം മുമ്പുള്ള ഓര്‍മ്മയാണ് ‘രാജാവിന്റെ മകന്‍’ .അന്തരിച്ച നടന്‍ ബാലന്‍ കെ. നായര്‍ തന്റെ ബന്ധുവാണ്. അദ്ദേഹം വഴിയാണ് സിനിമയിലേക്ക് എത്തിയത്. അന്ന് താന്‍ തീരെ ചെറിയ കുട്ടി. പരീക്ഷയ്ക്കിടെയായിരുന്നു ഷൂട്ടിംഗ്. തമ്പി കണ്ണന്താനം സാര്‍ ഇതിനനുസരിച്ച് ഷെഡ്യൂള്‍ ഒരുക്കി. – പ്രശോഭ് പറഞ്ഞു.തമ്പി കണ്ണന്താനത്തിന്റെ തന്നെ പാസ്‌പോര്‍ട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു പ്രശോഭിന്റെ അരങ്ങേറ്റം. ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’യിലെ അഭിനയത്തിന് 1984 ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. ഉണ്ണികളെ ഒരു കഥപറയാം എന്ന ചിത്രത്തിനു ശേഷം പ്രശോഭ് സിനിമ വിട്ടു.ബാങ്ക് ഉദ്യോഗസ്ഥനായി.

ഭാര്യ അനുരാധയും ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. ഇരുവരും ജോലി രാജിവച്ച് ബിസിനസിലേക്ക് ഇറങ്ങി. ഏഴു വയസുകാരി ദക്ഷിണയാണ് മകള്‍. വെള്ളിത്തിരയിലേക്ക് തന്നെ കൂട്ടിക്കൊണ്ടുവന്ന തമ്പി കണ്ണന്താനം അരങ്ങൊഴിയുമ്പോള്‍ അദ്ദേഹത്തിന് പ്രണാമം അര്‍പ്പിക്കുകയാണ് പ്രശോഭ്.

Top