ആഭ്യന്തര യുദ്ധം, സിറിയന്‍ ബാലന്‍ ഒമ്രാന്‍ ദഖ്‌നിഷിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്

ബെയ്‌റൂട്ട്: സിറിയന്‍ ആഭ്യന്തര യുദ്ധത്തിലെ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആംബുലന്‍സില്‍ ഇരുത്തിയ ദഖ്‌നിഷിന്റെ ചിത്രം ഏവരുടേയും കരളലിയിച്ച ഒന്നാണ്.

ഇന്ന് പ്രതിസന്ധികളെ അതിജീവിച്ച് പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ദഖ്‌നിഷിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സര്‍ക്കാര്‍ അനുകൂല മാധ്യമപ്രവര്‍ത്തകന്‍ ഖലെദ് ഇസ്‌കെഫ്.

ആലപ്പോയിലെ പുതിയ വീട്ടില്‍ കഴിയുന്ന ദഖ്‌നിഷിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇസ്‌കെഫ് പുറത്തുവിട്ടത്. ആഭ്യന്തര യുദ്ധത്തിന്റെ തീവ്രതയും ഭീകരതയും കാണിച്ചു കൊടുത്ത ദഖ്‌നിഷിന്റെ ചിത്രം ലോകമനസാക്ഷിയെ പിടിച്ചുലച്ചെങ്കിലും ചിത്രം പ്രചരിപ്പിക്കപ്പെട്ടത്തിനു പിന്നില്‍ ദുരുദ്ദേശങ്ങള്‍ ഉണ്ടായിരുന്നതായി ബാലന്റെ പിതാവ് മുഹമ്മദ് ദഖ്‌നിഷ് കുറ്റപ്പെടുത്തി.

omrannn

പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരായ നീക്കത്തിന്റെ ഭാഗമായി സിറിയന്‍ പ്രതിപക്ഷവും അന്താരാഷ്ട്ര മാധ്യമങ്ങളും ദഖ്‌നിഷിന്റെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തുക ആയിരുന്നുവെന്ന് ദഖ്‌നിഷിന്റെ പിതാവ് ആരോപിച്ചു

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഖതര്‍ജി ജില്ലയിലുണ്ടായ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടുത്തി ആംബുലന്‍സില്‍ ഇരുത്തിയ ദഖ്‌നിഷിന്റെ ചിത്രമാണ് ലോകശ്രദ്ധനേടിയത്. അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ മഹമൂദ് റസ്ലാനാണ് ചിത്രം പകര്‍ത്തിയത്.

ശാന്തനായിരിക്കുന്ന അവന്‍ മുഖം തലോടുന്നതും കൈയില്‍ പുരണ്ട ചോര സീറ്റില്‍ തുടയ്ക്കുന്നതും ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ഇതേ കെട്ടിടത്തില്‍ നിന്ന് ഗുരുതരമായ പരിക്കുകളോടെ പുറത്തെടുത്ത ഒമ്രാന്‍ ദഖ്നിഷിന്റെ മൂത്തസഹോദരന്‍ അലി ദഖ്നീഷ് മരിച്ചിരുന്നു.

Top