പ്രതിയെ റിയാദിൽ അറസ്റ്റ് ചെയ്യിപ്പിച്ച് മെറിൻ ജോസഫ് ഐ.പി.എസ് ഞെട്ടിച്ചു !

കൊല്ലം : പീഡനത്തിനിരയായ പെണ്‍കുട്ടി അനാഥമന്ദിരത്തില്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതി സുനില്‍കുമാറിനെ റിയാദില്‍ അറസ്റ്റു ചെയ്തു. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രതിയെ ഇന്നു നാട്ടിലെത്തിക്കും.

മാനഭംഗം, കുട്ടികള്‍ക്കെതിരായ പീഡനം, പട്ടികജാതി വര്‍ഗത്തിനെതിരായ അതിക്രമം എന്നീ വകുപ്പുകളാണു സുനില്‍കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.

2017ലായിരുന്നു കേസിനാസ്പദമായ സംഭവം. ക്ലാപ്പന സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്‌ പിതൃസഹോദരന്റെ സുഹൃത്ത് സുനില്‍കുമാറിന്റെ പീഡനത്തിന് ഇരയായത്. പീഡനത്തിനു ശേഷം കൊല്ലം കരിക്കോട്ടെ ഇഞ്ചക്കാട് സര്‍ക്കാര്‍ മഹിളാ മന്ദിരത്തിലാക്കിയ പെണ്‍കുട്ടി അവിടെ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം സുനില്‍കുമാര്‍ ഗള്‍ഫിലേക്കു കടന്നു.

മെറിന്‍ ജോസഫ് കമ്മിഷണറായി ചുമതലയേറ്റ ശേഷം പഴയ കേസുകള്‍ പരിശോധിച്ചാണു അന്വേഷണം ഊര്‍ജിതമാക്കിയത്. തുടര്‍ന്നു ഇന്റര്‍പോളിന്റെ സഹായത്തോടെ റിയാദില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും അവിടെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയുമായിരുന്നു. സുനില്‍കുമാറിനെ നാട്ടിലെത്തിക്കാന്‍ കഴിയാതായതോടെ പൊലീസ് റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിപ്പിക്കുകയും സിബിഐ വഴി ഇന്റര്‍പോളിനെ ബന്ധപ്പെടുകയും ചെയ്തു.സിറ്റി പൊലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫ്, ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ എം. അനില്‍കുമാര്‍, ഓച്ചിറ സിഐ ആര്‍. പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ നാട്ടിലെത്തിക്കാന്‍ റിയാദിലെത്തിയത്.

റിയാദില്‍ ജോലിചെയ്യുകയായിരുന്ന സുനില്‍കുമാര്‍ അവധിക്കു നാട്ടിലെത്തിയപ്പോഴാണു പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനവിവരം പിന്നീട് സഹപാഠികള്‍ വഴി സ്‌കൂള്‍ അധ്യാപിക അറിയുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും ചെയ്തു.

ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി. അന്വേഷണം നടക്കുമ്പോള്‍ തന്നെ പ്രതി റിയാദിലേക്കു കടന്നു. മഹിളാമന്ദിരത്തില്‍ വച്ചു ഈ കുട്ടിയും മറ്റൊരു കുട്ടിയും ആത്മഹത്യ ചെയ്തു. മഹിളാ മന്ദിരത്തില്‍ നേരിട്ട ദുരനുഭവങ്ങളായിരുന്നു കാരണം. ഈ സംഭവത്തില്‍ ഉത്തരവാദികളായ മഹിളാ മന്ദിരം ജീവനക്കാര്‍ ജയിലിലാണ്.

ഇന്ത്യയും സൗദിയും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാറുണ്ടാക്കി ശേഷം ആദ്യമായാണു ഒരു ഇന്ത്യന്‍ വനിതാ പൊലീസ് ഓഫിസര്‍ ഇത്തരം ഒരു ദൗത്യത്തിനു നേതൃത്വം നല്‍കുന്നത്.

Top