Chilavannur flat issue with DLF

DLF

കൊച്ചി: കൊച്ചി ചെലവന്നൂര്‍ കായല്‍ കയ്യേറ്റത്തില്‍ ഡി.എല്‍.എഫിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലീന്‍ ചിറ്റ്.

ഡി.എല്‍.എഫ് നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ലെന്നുമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരിസ്ഥിതി മന്ത്രാലയം നിലപാടറിയിച്ചത്. കായല്‍ കയ്യേറി ഫ്‌ലാറ്റ് സമുച്ചയം നിര്‍മ്മിച്ചുവെന്നാണ് കേസ്.

തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഡി.എല്‍.എഫിന്റെ ഫ്‌ലാറ്റ് സമുച്ചയം പൊളിച്ചുനീക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ നിന്ന് ഡി.എല്‍.എഫ് സ്റ്റേ വാങ്ങി. പരിസ്ഥിതി മന്ത്രാലയത്തെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തതാണ്.

കെട്ടിടങ്ങള്‍ പണിയുമ്പോള്‍ പരിഗണിക്കപ്പെടേണ്ട സാങ്കല്‍പ്പിക രേഖ തൊട്ടടുത്ത സ്ഥലങ്ങള്‍ക്ക് മാത്രമാണോ ബാധകമാകുക എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെക്കൂടി കോടതി കക്ഷി ചേര്‍ത്തത്.

എന്നാല്‍ കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കേണ്ട മന്ത്രാലയം ഇതിന് പകരമായി ഡി.എല്‍.എഫിന്റെ ഫ്‌ളാറ്റ് സമുച്ചയം സാങ്കേതികമായി തീരദേശപരിപാലനനിയമം ലംഘിച്ചിട്ടില്ലെന്ന വിശദീകരണമാണ് നല്‍കിയിരിക്കുന്നത്. മാത്രമല്ല പാരിസ്ഥിതിക ആഘാത പഠന അതോറിറ്റിയുടെ നിയമങ്ങള്‍ ഇവിടെ ലംഘിക്കപ്പെട്ടിട്ടില്ലെന്നും പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നുന്നുണ്ട്.

Top