സ്വര്‍ണ്ണക്കടത്തിലെ മുഖ്യന്‍ കൊടുവള്ളിക്കാരന്‍; ചുക്കാന്‍ പിടിക്കാന്‍ സരിത്തും

തിരുവന്തപുരം: നയതന്ത്ര പരിരക്ഷയുള്ള ബാഗേജ് വഴി സ്വര്‍ണം കടത്തിയതിനുപിന്നില്‍ തിരുവനന്തപുരം സ്വദേശികളും യുഎഇ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരുമായ സരിത്തിനും സ്വപ്നയ്ക്കും പുറമേ മൂന്നുപേര്‍ കൂടിയുള്ളതായ നിര്‍ണായക വിവരം കസ്റ്റംസിന് ലഭിച്ചു. ചോദ്യം ചെയ്യലില്‍ സരിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കോഴിക്കോട് കൊടുവള്ളിയിലുള്ള വ്യക്തിയാണ് സംഘത്തിലെ മുഖ്യകണ്ണി. സ്വര്‍ണം കടത്താനുള്ള ആസൂത്രണങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് സരിത്തും ഇയാളുമാണ്. സ്വര്‍ണം ഇറക്കാനുള്ള തുകയില്‍ ഏറിയ പങ്കും മുടക്കുന്നത് ഇയാളാണ്. ഒരു കടത്തലിന് 25 ലക്ഷം രൂപവരെ സരിത്തിനും സ്വപ്നയ്ക്കും ലഭിക്കും. സ്വപ്നയുടെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് കൊടുവള്ളി സ്വദേശിയെക്കുറിച്ച് തെളിവ് ലഭിച്ചത്. ഈ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ സരിത്ത് മറ്റ് രണ്ടുപേരെക്കുറിച്ച് കൂടി വെളിപ്പെടുത്തി.

സംഘത്തില്‍ വേറെയും ആള്‍ക്കാരുണ്ടോയെന്നും കസ്റ്റംസ് പരിശോധിക്കുന്നു. കോവിഡ് കാലത്തുമാത്രം മൂന്നുതവണ സംഘം സ്വര്‍ണം കടത്തി. ഈ സ്വര്‍ണവും കോഴിക്കോട്ട് എത്തിച്ചു. ചൊവ്വാഴ്ചയും സ്വപ്നയുടെ അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ കസ്റ്റംസ് തെരച്ചില്‍ നടത്തി. രാവിലെ ആരംഭിച്ച തെരച്ചില്‍ വൈകിട്ടോടെയാണ് അവസാനിപ്പിച്ചത്. ചില സുപ്രധാന രേഖകള്‍ ലഭിച്ചു.

യുഎഇയിലും സ്വര്‍ണക്കടത്തിനെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. സംഘത്തിലെ യുഇഎയിലെ കണ്ണികള്‍, സരിത്തും സ്വപ്നയും അടക്കമുള്ളവരുടെ യുഎഇ സന്ദര്‍ശനം തുടങ്ങിയവ യുഇഎയിലെ അന്വേഷക സംഘം ശേഖരിച്ചതായാണ് എംബസി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

സ്വര്‍ണക്കടത്ത് പിടികൂടിയതോടെ സരിത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് പ്രധാന തെളിവുകള്‍ നശിപ്പിച്ചതായി കണ്ടെത്തി. സ്വര്‍ണം കടത്താന്‍ സ്വപ്നയെ ആരാണ് സഹായിച്ചതെന്ന് കണ്ടെത്തണം. തിരുവനന്തപുരം വിമാനത്താവളം, യുഎഇ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ ഇവരെ സഹായിച്ചതായി സൂചനയുണ്ട്. കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന ബാഗേജ് ഒപ്പിട്ടുവാങ്ങിയത് സരിത്താണ്. കോണ്‍സുലേറ്റ് പിആര്‍ഒ എന്ന പേരിലായിരുന്നു ഇത്.

വിദേശത്തുനിന്ന് സ്വര്‍ണം അയച്ചത് ആരാണ്, ആര്‍ക്കുവേണ്ടി, കൂട്ടാളികള്‍ ആരൊക്കെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സരിത് വ്യക്തമായ മറുപടി നല്‍കിയില്ല. യുഎഇയില്‍ പ്രൊവിഷന്‍ ഷോപ്പ് നടത്തുന്ന ഫാസില്‍ വഴിയാണ് ബാഗേജ് അയച്ചത്. കോണ്‍സുലേറ്റിലേക്കുള്ള ഭക്ഷ്യസാധനങ്ങളെന്നാണ് ഇതില്‍ കാണിച്ചിട്ടുള്ളത്.

ഈന്തപ്പഴം, പാല്‍പ്പൊടി, ഓട്‌സ്, മാഗി, കറി പാക്കറ്റ്, ബട്ടര്‍ കുക്കീസ്, നൂഡില്‍സ് എന്നിങ്ങനെ ഏഴിനങ്ങളാണ് കോണ്‍സുലേറ്റ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍, ബാഗേജില്‍ ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം 14.82 കോടി വിലമതിക്കുന്ന 30244.900 ഗ്രാം സ്വര്‍ണവും നിറച്ചു. സ്വര്‍ണം കൊണ്ടുവന്നത് തങ്ങളുടെ അറിവോടെയല്ലെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്.

Top