ബാണാസുര ഡാം തുറന്നതില്‍ പാളിച്ചയുണ്ടായെന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്

tom-jose

തിരുവനന്തപുരം : ബാണാസുര ഡാം തുറന്നതില്‍ പാളിച്ചയുണ്ടായെന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് രംഗത്ത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിലും പാളിച്ചയുണ്ടായി. എന്നാല്‍ മറ്റ് അണക്കെട്ടുകള്‍ തുറന്നതില്‍ യാതൊരു പാളിച്ചയും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സേവനം തേടിയതില്‍ പാളിച്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ബാണാസുര അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പു നല്‍കിയില്ലെന്ന് നേരത്തെ വയനാട് ജില്ലാ കളക്ടര്‍ ആരോപിച്ചിരുന്നു. എന്നാല്‍ കൃത്യമായ വിവരം നല്‍കിയിരുന്നുവെന്നാണ് കെഎസ്ഇബിയുടെ വാദം.

ബാണാസുര അണക്കെട്ടു മുന്നറിയിപ്പില്ലാതെ തുറന്നുവെന്ന ആരോപണം കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള നിഷേധിച്ചിരുന്നു. ബാണാസുരയുമായി ബന്ധപ്പെട്ട ആരോപണം സത്യത്തിന് നിരക്കാത്തതാണ്. ഇടുക്കി തുറക്കുന്നതിനു മുമ്പ് തന്നെ ബാണാസുര തുറന്നിരുന്നു. ജലനിരപ്പ് ഉയര്‍ന്ന സമയത്ത് തന്നെ ഇതുസംബന്ധിച്ച് അറിയിപ്പു കൊടുത്തിരുന്നെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം, ഡാമുകള്‍ തുറന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന ആരോപണവുമായി എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ രാജു എബ്രഹാം രംഗത്തെത്തിയിരുന്നു. ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്ന കാര്യത്തില്‍ വീഴ്ച വന്നുവെന്നാണ് രാജു എബ്രഹാമിന്റെ ആരോപണം. മുന്നറിയിപ്പ് ലഭിക്കുന്നതിനു മുമ്പു തന്നെ റാന്നി വെള്ളത്തില്‍ മുങ്ങിയിരുന്നെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Top