സ്വന്തം നാട്ടുകാരെക്കുറിച്ച് ചിന്തയില്ലാത്ത മുഖ്യമന്ത്രിമാര്‍; കേരളത്തിനെതിരെ കേന്ദ്ര റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: സ്വന്തം നാട്ടുകാരെ കുറിച്ച് ചിന്തയില്ലാതെ മുഖ്യമന്ത്രിമാര്‍ ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ എന്താകുമെന്ന് കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. ഇന്നലെ മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ലെന്നാണ് റെയില്‍വേ മന്ത്രിയുടെ ആരോപണം.

സ്വകാര്യ ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റെയില്‍വേ മന്ത്രിയുടെ ആരോപണം.കേരളം എതിര്‍ത്തതോടെ മഹാരാഷ്ട്രയിലെ താനെയില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ശ്രമിക് ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്നലെ വൈകീട്ട് ആറ് മണിക്ക് എറണാകുളം സൗത്തിലേക്ക് പുറപ്പെടേണ്ട ട്രെയിന്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റദ്ദാക്കിയത്.

നിലവിലെ കേന്ദ്രനിര്‍ദ്ദേശപ്രകാരം യാത്ര പുറപ്പെടാന്‍ കേരളത്തിന്റെ അനുമതി വേണ്ടെങ്കിലും ഔദ്യോഗികമായി ലഭിച്ച അഭ്യര്‍ത്ഥന മാനിക്കുകയാണെന്ന് താനെയിലെ നോഡല്‍ ഓഫീസര്‍ യാത്രക്കാരെ അറിയിച്ചത്. മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അയക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ ശ്രമം കേരളത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്നെയും നീട്ടിയെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്‌കോട്ടില്‍ നിന്ന് ശനിയാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് കേരളസര്‍ക്കാരിന്റെ ഔദ്യോഗികമായ അഭ്യര്‍ത്ഥന മാനിച്ച് യാത്ര നീട്ടി വച്ചത്.

Top