മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചു; ലോകായുക്ത ഫുള്‍ ബെഞ്ച് ഇന്ന് ഹര്‍ജി പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിച്ച കേസില്‍ ലോകായുക്ത ഫുള്‍ ബെഞ്ച് ഇന്ന് ഹര്‍ജി പരിഗണിക്കും. 2018ലാണ് ഹര്‍ജി നല്‍കിയത്. വിധി പറയുന്നതില്‍ നിന്ന് ഉപലോകായുക്തമാരെ ഒഴിവന്നണമെന്ന ഹര്‍ജിയും ഇന്ന് പരിഗണിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ് അടങ്ങുന്ന ബെഞ്ചാണ് വിധി പറയുക.

എംഎല്‍എ കെ.കെ രാമചന്ദ്രന്‍, ഉഴവൂര്‍ വിജയന്‍, കോടിയേരി ബാലകൃഷ്ണന് അകമ്പടി സേവിക്കുന്നതിനിടെ അപകടത്തില്‍ മരണപ്പെട്ട പൊലീസുകാരന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം നല്‍കിയിരുന്നു. ഇത് ചട്ട ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

മുഖ്യമന്ത്രി ഉള്‍പ്പെടെ 18 മന്ത്രിമാര്‍ക്കെതിരെയാണ് പരാതി. ഇന്ന് ഉച്ചയ്ക്ക് ലോകായുക്ത ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക. സഹായം അനുവദിച്ച മാനദണ്ഡം, അപേക്ഷരുടെ ആവശ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് പണം നല്‍കിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സര്‍ക്കാര്‍ ലോകായുക്തയില്‍ സമര്‍പ്പിച്ചിരുന്നു.

മന്ത്രി സഭാ യോഗത്തില്‍ തീരുമാനിച്ചതിന് ശേഷമാണ് പണം അനുവദിച്ചത് എന്ന സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ നിധി സംബന്ധിച്ച് മന്ത്രി സഭയ്ക്ക് തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ മന്ത്രി സഭയുടെ തീരുമാനങ്ങള്‍ കോടതിയുടെ പരിശോധനക്ക് പോലും വിധേയമാക്കേണ്ടതില്ല എന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് ലോകായുക്ത.

Top