മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കേസ്; ലോകായുക്ത ഉത്തരവിനെതിരായ പുനഃപരിശോധന ഹര്‍ജി തള്ളി

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിലെ ലോകായുക്ത ഉത്തരവിനെതിരായ പുനഃപരിശോധന ഹര്‍ജി തള്ളി ഹൈക്കോടതി. കേസ് ഫുള്‍ബെഞ്ചിന് വിട്ട ഉത്തരവില്‍ ഇടപെടാന്‍ ആവില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. എല്ലാ പാര്‍ട്ടികള്‍ക്കും ലോകായുക്തക്ക് മുന്നില്‍ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടെന്നും കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്ന പരാതി ലോകായുക്ത ഫുള്‍ ബെഞ്ചിന് വിട്ടത് ചോദ്യം ചെയ്തുള്ള ഹര്‍ജി കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി തള്ളിയത്. ഹര്‍ജിയില്‍ ഇടപെടാന്‍ മതിയായ കാരണങ്ങളില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു. ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെയായിരുന്നു പരാതി. പരാതി വിശദമായി പരിഗണിക്കാന്‍ ഫുള്‍ ബെഞ്ചിലേക്ക് വിട്ടുകൊണ്ടായിരുന്നു ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ പരാതിക്കാരനായ ആര്‍ എസ് ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

Top