ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല, അതൊരു ചതിക്കുഴിയാണ്: മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിന്റെ കൂടെ ഒരുക്കിയിരിക്കുന്ന ചതിക്കുഴിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍. സെന്‍സസിനൊപ്പം പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാനാണ് രാജ്യമാകെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ കൃതി പുസ്തകോത്സവത്തില്‍ ‘ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫെയ്‌സ്ബുക്കിലും ഈ വിവരങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പൗരത്വ ഭേദഗതി നിയമത്തിന്റെ കൂടെ ഒരുക്കിയിരിക്കുന്ന ചതിക്കുഴിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍. സെന്‍സസിനൊപ്പം പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാനാണ് രാജ്യമാകെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. നമ്മുടെ സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ കാര്യവും ഇവിടെ ഉദിക്കുന്നില്ല. സെന്‍സസ് എടുക്കാന്‍ കേരളം തയ്യാറാണ്. എന്നാല്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ ഭാഗമായുള്ള കണക്കെടുപ്പുകള്‍ നടത്താന്‍ കേരളം തയ്യാറല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ നിലപാട് കേന്ദ്ര സര്‍ക്കാരിനെയും കേരളത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളത്തില്‍ ആശങ്ക വേണ്ടതില്ല.

കൊച്ചിയില്‍ കൃതി പുസ്തകോത്സവത്തില്‍ ‘ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ഇക്കാര്യം സംസാരിച്ചു.

ഇന്ത്യയില്‍ ആകെയുള്ള ഈ നിയമം തിരുത്തിക്കുന്നതിന് കൂടുതല്‍ ശക്തമായ നിലപാട് തുടരേണ്ടതുണ്ട്. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ എല്ലാവരും ഒന്നിച്ച് ഇറങ്ങേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്. നമ്മുടെ രാജ്യം പൊരുതി നേടിയ ജനാധിപത്യം, നമ്മുടെ ഭരണഘടന അതിന്റെ ഭാഗമായുള്ള മതനിരപേക്ഷത, സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി നാം ഉയര്‍ത്തിയ മൂല്യങ്ങള്‍ ഒന്നും നഷ്ടപ്പെടുത്താന്‍ നാം അനുവദിക്കില്ല എന്ന നിലപാട് തുടര്‍ന്നും നമുക്ക് സ്വീകരിക്കാനാവണം. അതിനെല്ലാവരും ഒന്നിച്ചിറങ്ങണം.

ഇന്ത്യയില്‍ ജനാധിപത്യം ഇല്ലാതാകുമോ എന്ന് ആശങ്കപ്പെട്ടിട്ടുള്ള സാഹചര്യങ്ങള്‍ മുമ്പുണ്ടായപ്പോഴൊക്കെ ജനാധിപത്യ പുനസ്ഥാപനത്തിനായി ജനങ്ങള്‍ ഒരുമിച്ച് നിന്ന സാഹചര്യം രാജ്യത്തിന്റെ ചരിത്രത്തിലെ വിജയകരമായ ഏടുകളാണ്. സ്വന്തം ഭാവി നഷ്ടപ്പെടുമോ എന്ന് പോലും ഓര്‍ക്കാതെ സ്വതന്ത്ര സമരപ്രസ്ഥാനത്തിലേക്ക് എടുത്തുചാടി ജീവന്‍ പോയവരും മരിച്ച് ജീവിക്കേണ്ടി വന്നവരും തടവറകളിലായവരുമായ ആയിരക്കണക്കിന് യുവാക്കള്‍ ഇന്ത്യയിലുണ്ടായിട്ടുണ്ട്.

ഇപ്പോള്‍ രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലാകുന്നു എന്ന അവസ്ഥ വന്നപ്പോള്‍ ആരുടേയും ആഹ്വാനമില്ലാതെ അതിനെതിരെ രംഗത്തിറങ്ങിയതും യുവാക്കളാണ്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍. യുവതക്ക് സാമൂഹ്യ പ്രതിബന്ധത കുറഞ്ഞ് പോകുന്നു എന്ന പൊതുപരാതിയില്‍ കാര്യമില്ല. നാടിനു വേണ്ടി ഏത് ത്യാഗം സഹിക്കാനും സന്നദ്ധതയുള്ള യുവതലമുറയെയാണ് ചുറ്റും കാണുന്നത്.

കേരളം കണ്ട മഹാപ്രളയകാലത്ത് സ്വന്തം ജീവന് എന്ത് സംഭവിക്കുമെന്ന് പോലും ഓര്‍ക്കാതെ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചതും ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മുന്നിട്ടിറങ്ങുന്നതും യുവജനങ്ങളാണ്. സാധാരണയില്‍ നിന്ന് വിഭിന്നമായി ഐഐടി, ഐഐഎം തുടങ്ങിയ പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പോലും തെരുവിലിറങ്ങുന്നത് നാം കണ്ടു. അതാണ് ജനാധിപത്യത്തിന്റെ ശക്തി.

ഭരണകൂടം ഈ സമരങ്ങളെ നേരിട്ടത് എത്ര കിരാതമായ രീതിയിലാണെന്ന് ഓര്‍ക്കണം. ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷിന് നേരെ നടന്ന കിരാതമായ ആക്രമണമാണ് അതിന് ഒരു ഉദാഹരണം. ശരാശരി താഴെ മാത്രം ആരോഗ്യമുള്ള അവരുടെ തല ഇരുമ്പ് വടി കൊണ്ട് തല്ലിക്കീറുകയും കൈ ഒടിക്കുകയും ചെയ്തു. ജാമിയ മിലിയയിലെ പെണ്‍കുട്ടികളുടെ രഹസ്യ ഭാഗം നോക്കി ബൂട്ടിട്ട് ചവിട്ടി. സര്‍ക്കാരിന്റെ തെറ്റായ നടപടികളെ ചോദ്യം ചെയ്തതിനാണ് ഇതൊക്കെ ചെയ്യുന്നത്.

രാജ്യത്തെ വിവിധ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെയെല്ലാം ലക്ഷ്യം ബ്രിട്ടീഷുകാരില്‍ നിന്നുള്ള മോചനമായിരുന്നു. വിവിധ കൈവഴികളിലൂടെ മുന്നേറുമ്പോഴും ഇവിടെ ബ്രിട്ടീഷുകാര്‍ ഭരിക്കേണ്ടതില്ല എന്ന ഉറച്ച ധാരണ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാരോട് സമരസപ്പെടാന്‍ തയ്യാറായവരും ദേശീയ പ്രസ്ഥാനത്തെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിച്ചവരും ബ്രിട്ടീഷ് വാഴ്ച തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് പറഞ്ഞവരും ആര്‍.എസ്.എസ്സാണ്. മഹാനായ സ്വാതന്ത്ര്യസമര സേനാനിയായി ഇന്നത്തെ ഭരണാധികാരികള്‍ വിശേഷിപ്പിക്കുന്ന ആര്‍.എസ്.എസ് നേതാവായ സവര്‍ക്കര്‍ ആന്‍ഡമാന്‍ ജയിലില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് രക്ഷപ്പെട്ട ആളാണ്. രാജ്യത്ത് ബ്രിട്ടീഷുകാര്‍ നട്ട വര്‍ഗ്ഗീയ ചേരിതിരിവിന്റെ വിത്തിനെ ഏറ്റെടുക്കാന്‍ തയ്യാറായത് ആര്‍.എസ്എസ് ആണ്.

സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം മതനിരപേക്ഷമാകണമെന്ന നിലപാടിനെ പരസ്യമായി എതിര്‍ത്ത് മതാധിഷ്ഠിത രാഷ്ട്രമാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഭാരതീയ സംസ്‌കാരത്തെയല്ല, ജര്‍മ്മനിയില്‍ ഹിറ്റലര്‍ ജൂതന്‍മാരെ കൈകാര്യം ചെയ്ത രീതിയെയാണ് ഇന്ത്യയിലെ ആര്‍.എസ്.എസ്സുകാര്‍ അനുകരിക്കുന്നത്. രാജ്യത്ത് നിന്ന് മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും കമ്മ്യൂണിസ്റ്റുകാരേയും നിഷ്‌കാസനം ചെയ്യണമെന്ന അവരുടെ നിലപാട് തന്നെ ഹിറ്റ്‌ലറുടെ നയത്തില്‍ നിന്നും വാക്കുകളില്‍ നിന്നും രൂപപ്പെട്ടിട്ടുള്ളതാണ്. മുസ്ലീങ്ങളേയും കൃസ്ത്യാനികളേയും കമ്യൂണിസ്റ്റുകാരേയും നിഷ്‌കാസനം ചെയ്യണമെന്ന് ഏത് വേദത്തിലാണ്, ഏത് ഉപനഷത്തിലാണ് പറഞ്ഞിട്ടുള്ളത്.

പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരെ മാത്രമുള്ള ഒരു പ്രശ്നമായാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍ മതനിരപേക്ഷതയും ഭരണഘടനയും തകര്‍ക്കാനുള്ള നീക്കമാണിത്. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് ചേര്‍ന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചത് ചിലര്‍ക്കൊക്കെ പ്രയാസങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പൊതുവേ വലിയ പ്രതികരണമാണ് രാജ്യത്താകെ ആ നടപടി ഉണ്ടാക്കിയത്. എന്നാല്‍ കേരളം മാത്രമല്ല ഇന്ത്യ. അതുകൊണ്ട് കേരളത്തില്‍ കണ്ട വിപുലമായ ഐക്യവും യോജിപ്പും ശക്തിപ്പെടുത്തണം.’

Top