മുഖ്യമന്ത്രി ഡല്‍ഹിയ്ക്ക്; പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടി; ബഫര്‍സോണ്‍ ചര്‍ച്ചയാകും

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ പ്രതിഷേധം തുടരുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ട്. ബഫർസോൺ, വായ്പാ പരിധി ഉയർത്തൽ, കെറെയിൽ തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനും മുഖ്യമന്ത്രി അനുമതി തേടിയിട്ടുണ്ട്.

നാളെ ആരംഭിക്കുന്ന രണ്ടു ദിവസത്തെ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഇന്ന് ഉച്ചയോടെ ഡൽഹിയിൽ എത്തുക. ചീഫ് സെക്രട്ടറി വി പി ജോയിയും മുഖ്യമന്ത്രിക്കൊപ്പം ഡൽഹിയിൽ എത്തുന്നുണ്ട്. കൂടിക്കാഴ്ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് സമയം അനുവദിച്ചിട്ടില്ലെന്നാണ് വിവരം.

ബഫർസോൺ വിഷയത്തിൽ കേരളത്തിൽ വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. സർക്കാരിന് മുന്നിൽ പരാതി പ്രളയമാണ്. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികൾ എത്തുന്നത്. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫർ പരിധിയിൽ പെട്ടതിന്റെ ഫോട്ടോകൾ സഹിതമാണ് പല പരാതികളും.

വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ് എന്ന ആവശ്യവും ഉയരുന്നുണ്ട്. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയേക്കുമെന്നാണ് സൂചന. കെ-റെയിൽ വിഷയത്തിലെ കേന്ദ്രത്തിന്റെ എതിർപ്പ് മറികടക്കുക എന്നതും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ലക്ഷ്യമിടുന്നു.

Top