എപ്പോള്‍ വേണമെങ്കിലും സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എപ്പോള്‍ വേണമെങ്കിലും നിയന്ത്രണം കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വൈറസ് ബാധ സാമൂഹിക വ്യാപനത്തിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക വ്യാപനത്തിന്റെ വക്കിലെത്തുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിലേക്ക് വലിയ തോതില്‍ അടുക്കുന്നു എന്ന് സംശയിക്കേണ്ട സമയമാണിത്, കോവിഡ് വ്യാപനത്തില്‍ നിര്‍ണ്ണായക ഘട്ടമാണ് ഇപ്പോള്‍ നേരിടുന്നത്, നാം നല്ല തോതില്‍ ആശങ്കപ്പെടേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇവിടെ സംഭവിച്ചൊരു കാര്യം നാം ഗൗരവമായി എടുക്കണം. ഒരു മത്സ്യ മാര്‍ക്കറ്റില്‍ ഉണ്ടായ കാര്യം. ആ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവന്‍ ലോക്ഡൗണിലേക്ക് നയിച്ചു. ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് എത്തി. നഗരത്തിന്റെ വിവിധ മേഖലകളിലേക്ക് രോഗം എത്തി എന്നാണ് ഇന്നത്തെ ഫലം തെളിയിക്കുന്നത്. ആര്യനാടും സമാനമായ സാഹചര്യം നേരിടുന്നുവെന്നാണു റിപ്പോര്‍ട്ട്.

ഇത് തലസ്ഥാനത്ത് മാത്രമുള്ളതാണല്ലോ എന്നു കരുതി മറ്റു പ്രദേശങ്ങള്‍ ആശ്വാസം കൊള്ളേണ്ടതില്ല. കാരണം ചിലയിടത്തൊക്കെ ഇത്തരം പ്രതിഭാസങ്ങള്‍ കാണുന്നുണ്ട്. കൊച്ചിയിലും സമാനമായ വെല്ലുവിളി നേരിടുന്നു. എപ്പോള്‍ വേണമെങ്കിലും നിയന്ത്രണം കൂടുതല്‍ കടുപ്പിക്കേണ്ട സാഹചര്യമാണ്. ഇത് സംസ്ഥാനത്തിനാകെ ബാധകമാണ്. നാം ആരെങ്കിലും അതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണെന്ന തോന്നല്‍ വേണ്ട.

നിയന്ത്രണങ്ങള്‍ ഇപ്പോഴുള്ളത് സമൂഹത്തെ മൊത്തം കണക്കിലെടുത്താണ്. ഇത് സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടിയാണ്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. പാലിച്ചില്ലെങ്കില്‍ സമ്പര്‍ക്ക വ്യാപനത്തിലേക്കും സൂപ്പര്‍ സ്‌പ്രെഡിലേക്കും പിന്നെ സമൂഹ വ്യാപനത്തിലേക്കും എത്തിയെന്നു വരും. ഇതിനൊന്നും അധികം സമയം വേണ്ട എന്നതാണു നമ്മുടെ അനുഭവം. പൂന്തുറയിലെ സൂപ്പര്‍ സ്‌പ്രെഡിലേക്ക് നീങ്ങാന്‍ അധികം സമയം എടുത്തില്ലെന്ന് നമുക്ക് അറിയാവുന്നതാണ്. നിയന്ത്രണം പാലിക്കല്‍ പ്രധാനമാണ് അതില്‍ സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കാനാകണം. ഇപ്പോള്‍ രോഗം ബാധിച്ച പലരുടേയും സമ്പര്‍ക്ക പട്ടിക വിപുലമാണ്. അത്തരം സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top