കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

Siddaramaiah

ബെംഗളൂരു: കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ.

മുഖ്യമന്ത്രിയെന്ന നിലയിലും, 6.5 കോടി പൗരന്മാരുടെ പ്രതിനിധിയെന്ന നിലയിലും കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന അഭിപ്രായത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു എന്നായിരുന്നു പാലസ് ഗ്രൗണ്ടില്‍ നടന്ന കന്നഡ രക്ഷണ വേദികെ റാലിയില്‍ വച്ച് സിദ്ധരാമയ്യ പറഞ്ഞത്.

സംസ്ഥാനത്തിന്റെ പ്രത്യേകപതാക, ദേശീയപതാകയെ ഒരുവിധത്തിലും ദുര്‍ബലമാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിന് പ്രത്യേക പതാക അനുവദിക്കാന്‍ പാടില്ലെന്ന് ഒരിടത്തും പറയുന്നില്ലെന്നും, കര്‍ണാടകയ്ക്ക് പ്രത്യേകം പതാക ലഭിക്കുന്നതിലൂടെ ദേശീയപതാകയോടുള്ള ഞങ്ങളുടെ ബഹുമാനം പോകുമെന്നും അര്‍ഥമില്ലെന്നും, ദേശീയപതാകയായിരിക്കും എന്നും ഏറ്റവും ശ്രേഷ്ഠമായതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

ബി.എം.ആര്‍.സി.എല്ലിന്റെ നമ്മ മെട്രോയില്‍ ഹിന്ദി അനുവദിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും മെട്രോകളില്‍ ഹിന്ദിയില്ലെന്നും, പിന്നെന്തിനാണ് കര്‍ണാടകയിലെ മെട്രോയില്‍ ഹിന്ദി എന്നായിരുന്നു നമ്മ മെട്രോയിലെ ഹിന്ദിയെ കുറിച്ചുള്ള വിഷയത്തില്‍ സിദ്ധരാമയ്യയുടെ പ്രതികരണം. ഹിന്ദിയുടെ ഉപയോഗം അസാധ്യമാണെന്നും അനുവദിക്കാനാവില്ലെന്നും കേന്ദ്രത്തിന് കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു.

Top