ഹിന്ദി അടിച്ചേല്‍പ്പിക്കേണ്ട; മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതിനിടെ മെട്രോ സ്റ്റേഷനുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്.

മെട്രോ സ്റ്റേഷനുകളില്‍ മൂന്ന് ഭാഷകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉചിതമല്ലെന്നും ഹിന്ദി ബോര്‍ഡുകള്‍ നിര്‍ബന്ധമല്ലെന്നും ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.

കര്‍ണാടകയില്‍ നടക്കുന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരം നടപടി ഉണ്ടായത്.

കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തിന് പ്രാധാന്യം നല്‍കണമെന്നും, അവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്ന ഭാഷകള്‍ ഉപയോഗിക്കുന്നതാണ് പ്രായോഗികമായ രീതി, അതുകൊണ്ടാണ് കന്നടയിലും ഇംഗ്ലീഷിലുമുള്ള സൂചനാ ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതെന്നും സിദ്ധരാമയ്യ കത്തില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ശക്തമായ പ്രക്ഷോഭം നടന്നു വരികയാണ്. ബംഗളൂരു മെട്രോയുടെ വിവിധ സ്റ്റേഷനുകളില്‍ ഉണ്ടായിരുന്ന ഹിന്ദി ബോര്‍ഡുകള്‍ കന്നട സംഘടനകള്‍ നീക്കിയിരുന്നു.

Top