“മുഖ്യമന്ത്രി ഇത്രയും തരംതാഴരുത്: സംഭാവന നല്‍കരുതെന്ന് പറഞ്ഞിട്ടില്ല” -ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് താന്‍ പറഞ്ഞു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരവും പൂര്‍ണമായും വാസ്തവ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത് ഘട്ടത്തിലായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്യുന്നത് നല്ല കാര്യമാണെന്നാണ് താന്‍ പറഞ്ഞത്.

“ആരോ പറഞ്ഞത് കേട്ടിട്ടോ, ബോധപൂര്‍വ്വമോ താന്‍ പറയാത്ത കാര്യം പറഞ്ഞെന്ന് പറഞ്ഞു പരിഹസിക്കുന്നത് മുഖ്യമന്ത്രി എന്ന ഉന്നത പദവിയിലിരിക്കുന്നയാള്‍ക്ക് ചേര്‍ന്നതല്ല. അദ്ദേഹം ഇത്രയും തരം താഴരുത്. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണ്ണ മനസ്സോടെ പ്രതിപക്ഷം സഹകരിക്കു മെന്നാണ് താന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.”ചെന്നിത്തല വ്യക്തമാക്കി.

 

Top