ചിലര്‍ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: ചില വ്യക്തികളും സംഘടനകളും സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനും ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും നടത്തുന്ന ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രവര്‍ത്തിയിലേര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിനെ ദേശീയപാതയില്‍ കാര്‍ കുറുകെയിട്ട് തടയാന്‍ ശ്രമിച്ചത് അത്തരത്തിലുള്ള ഒരു സംഭവമാണ്. മന്ത്രി ഔദ്യോഗിക വാഹനത്തില്‍ യാത്രചെയ്യവെ കൊല്ലം പാരിപ്പള്ളിയില്‍വച്ചാണ് വാഹനം തടയാന്‍ ശ്രമിച്ചത്.സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. സമരങ്ങള്‍ പലരീതിയില്‍ നടത്താം. എന്നാല്‍ ദേശീയ പാതയ്ക്ക് കുറുകെ വാഹനം കയറ്റിയിട്ട് അപകടം ക്ഷണിച്ചുവരുത്തുന്നത് സമരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാരിപ്പള്ളിയില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. കൊല്ലം ജില്ലയില്‍നിന്നുതന്നെ മറ്റൊരു അനുഭവമുണ്ടായിട്ടുണ്ട്. കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെതിരെ തുടര്‍ച്ചയായ അതിക്രമങ്ങള്‍ നടന്നുവരുന്നു.എംഎല്‍എയ്ക്കുനേരെ മുണ്ടുപൊക്കി കാണിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുന്നത്. കോണ്‍ഗ്രസ് – ബിജെപി ബന്ധത്തെപ്പറ്റി നിയമസഭയില്‍ പറഞ്ഞതിന്റെ പേരിലാണ് എംഎല്‍എയ്ക്കെതിരായ ആക്രമണം. ഇത് എത്തരം ജനാധിപത്യ രീതിയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ഇത്തരം തെറ്റായ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ജാഗ്രത പുലര്‍ത്താനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ശന നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Top