മുഖ്യമന്ത്രി നവോത്ഥാന നായകന്റെ മേലങ്കി അഴിച്ചു വച്ചോ?; ചെന്നിത്തല

പാലക്കാട്: നവോത്ഥാന നായകന്റെ മേലങ്കി മുഖ്യമന്ത്രി അഴിച്ചു വച്ചോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം തിരുത്തുമെന്ന് പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ‘അയാം ദി സ്റ്റേറ്റ് എന്ന് പറഞ്ഞുനടക്കുന്ന മുഖ്യമന്ത്രിയുള്ള ഇവിടെ ശബരിമല സത്യവാങ്മൂലം തിരുത്തുമെന്ന് എംഎ ബേബിയല്ല പറയേണ്ടത്. അധികാരത്തില്‍ വന്നാല്‍ ശബരിമല നിയമ നിര്‍മ്മാണം നടപ്പാക്കുമെന്നും രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തി കൊടുത്ത പിണറായി വിജയന്‍ വീണ്ടും നിലപാട് മാറ്റുമോ?, വികസന വിഷയത്തില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ വര്‍ഗീയത പറയുന്നു. സിപിഎം മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നു. മുസ്ലീങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നു. മതങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാടാണ് സിപിഎം എടുക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സൈബര്‍ ഗുണ്ടകളെ കൊണ്ട് സിപിഎം മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേരള സംസ്ഥാനത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നു. ഇത് തുടങ്ങിവെച്ചത് മുഖ്യമന്തിയാണ്. കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നത് മുസ്ലിം ലീഗാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ ബിജെപി – സിപിഎം കൂട്ടുകെട്ടിന്റെ ആരംഭമാണ് അത്. കേരളത്തില്‍ അധികാരത്തില്‍ തുടരാം എന്നത് തെറ്റായ ധാരണയാണ്. വിജയരാഘവന്‍ മൂക്കാതെ പഴുത്ത നേതാവാണ്. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും ചെന്നിത്തല പ്രതീക്ഷ പറഞ്ഞു.

 

Top