സോണിയ ഗാന്ധിയോട് തെലങ്കാനയില്‍ മത്സരിക്കണം ; രേവന്ത് റെഡ്ഡി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയോട് തെലങ്കാനയില്‍ മത്സരിക്കണമെന്ന് നേരിട്ട് കണ്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായും രേവന്ത് റെഡ്ഡി വ്യക്തമാക്കി.റായ്ബറേലി വിട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ മത്സരിക്കാന്‍ ആലോചനയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ഡല്‍ഹിയിലെത്തിയ രേവന്ത് റെഡ്ഡി ഇക്കാര്യമഭ്യര്‍ത്ഥിച്ച് രാഹുലിനെയും സോണിയയെയും കണ്ടു. ജാര്‍ഖണ്ഡിലെ ഭാരത് ജോഡോ ന്യായ് യാത്ര വേദിയില്‍ വച്ചാണ് രാഹുല്‍ ഗാന്ധിയുമായി രേവന്ത് റെഡ്ഡി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ശരിയായ സമയത്ത് തീരുമാനമറിയിക്കാമെന്നാണ് രേവന്ത് റെഡ്ഡിയോട് സോണിയയുടെ മറുപടി. സോണിയ തെലങ്കാനയില്‍ മത്സരിക്കാനെത്തിയാല്‍ അത് പാര്‍ട്ടിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ ഊര്‍ജമാകുമെന്നും രേവന്ത് റെഡ്ഡി ചൂണ്ടിക്കാണിച്ചു. നേരത്തേ സോണിയാ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്ന് കര്‍ണാടക വഴി രാജ്യസഭയിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തള്ളിയിരുന്നു. 2004 മുതല്‍ റായ്ബറേലി സോണിയാ ഗാന്ധിയുടെ സ്വന്തം തട്ടകമാണ്.

Top