ശശികലയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്

pinarayi vijayan

തിരുവനന്തപുരം: മതേതരവാദികളായ എഴുത്തുകാര്‍ക്കെതിരെ വിവാദ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

മൃത്യുഞ്ജയം ഉരുവിടണമെന്ന് പറയാന്‍ കേരളത്തില്‍ ആളുണ്ടായിരിക്കുന്നു, ഇത്തരം പ്രവണതകള്‍ കേരളത്തിന്റെ അന്തരീക്ഷം മാറ്റി മറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയുസിന് വേണ്ടി മൃത്യുഞ്ജയ ഹോമം കഴിപ്പിച്ചാല്‍ നല്ലത്. ഇല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതിവരുമെന്നായിരുന്നു ശശികലയുടെ മുന്നറിയിപ്പ്. പറവൂരിലെ ഹിന്ദു ഐക്യവേദിയുടെ പരിപാടിയിലായിരുന്നു പരാമര്‍ശം.

വിവാദമായ പ്രസംഗം:

ഇവിടുത്തെ മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത് … മക്കളെ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിച്ചാല്‍ നല്ലത്. എപ്പോഴാ എന്താ വരുകാ എന്ന് പറയാന്‍ ഒരു പിടുത്തോണ്ടാകില്ല. ഓര്‍ത്ത് വയ്ക്കാന്‍ പറയുകാ, മൃത്യുഞ്ജയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും നടത്തുക.അല്ലെങ്കില്‍ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെടാം.’

എന്നാല്‍ എഴുത്തുകാരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും, കോണ്‍ഗ്രസുകാരാണ് എഴുത്തുകാരെ കൊല്ലുന്നതും അവരെ കരുതിയിരിക്കണമെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും ശശികല ടീച്ചര്‍ വിശദീകരിച്ചു. കോണ്‍ഗ്രസുകാരെ കരുതിയിരിക്കമെന്നാണ് താന്‍ അര്‍ഥമാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശശികലയുടെ പ്രസംഗം പരിശോധിച്ചുവരികയാണെന്ന് പറവൂര്‍ പൊലീസ് വ്യക്തമാക്കി. പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നാണ് പൊലീസ് നിലപാട്.

Top