മുഖ്യമന്ത്രി ഉള്‍പ്പെടെ 180 പേര്‍ സഞ്ചരിച്ച എയര്‍ ഇന്ത്യ എക്‌സ് പ്രസ്സ് വിമാനം തിരികെ വിളിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച എയര്‍ ഇന്ത്യ എക്‌സ് പ്രസ്സ് വിമാനം തിരികെ വിളിച്ചു. പറന്നുയരുന്നതിനു തൊട്ടുമുമ്പായിരുന്നു വിമാനം അടിയന്തരമായി തിരിച്ചെത്തിക്കാനുള്ള അറിയിപ്പ് ഉണ്ടായത്. വിമാനത്തിന്റെ എഞ്ചിന്‍ തകരാറിനെ തുടര്‍ന്നായിരുന്നു നടപടി. രാവിലെ 8.15 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വിമാനം ആയിരുന്നു.

തിരുവനന്തപുരത്തു നിന്നും കരിപ്പൂര്‍ വഴി ദോഹയിലേക്ക് പുറപ്പെട്ട ഐ എക്‌സ് 373 നമ്പര്‍ വിമാനമാണ് തിരികെ എത്തിച്ചത്. വിമാനം റണ്‍വേയിലേക്ക് കടക്കാനൊരുങ്ങിയപ്പോള്‍ ഒരുവശത്തുള്ള എഞ്ചിന് തകരാറുണ്ടെന്ന പൈലറ്റിന്റെ സംശയത്തെ തുടര്‍ന്നായിരുന്നു നടപടി ഉണ്ടായത്. വിമാനത്തില്‍ മുഖ്യമന്ത്രിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പെടെ 180 പേരുണ്ടായിരുന്നു.

തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി വിമാനം തിരിച്ചെത്തിക്കുകയാണ് ചെയ്തതെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ അറിയിക്കുകയും ചെയ്തു. വിമാനം പാര്‍ക്കിംഗ് ബേയില്‍ എത്തിച്ചതിന് ശേഷം യാത്രികരെ പുറത്തിറക്കാതെ തന്നെ തകരാര്‍ പരിഹരിച്ചു. ശേഷം ഒന്‍പതരയോടെ വിമാനം കരിപ്പൂരിലേക്ക് തിരിക്കുകയും ചെയ്തു.

Top