ഫിലിപ്പോ ഒസെല്ലയെ മടക്കി അയച്ച സംഭവം ഗൗരവത്തോടെ പരിശോധിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലയെ കേരളത്തില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് മടക്കി അയച്ച സംഭവം ഗൗരവത്തോടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ഉന്നയിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം എന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ശാസ്ത്രജ്ഞനെ തിരിചയച്ചത് ദുഃഖകരമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 24ാം തിയതി പുലര്‍ച്ചെയാണ് ഫിലിപ്പോ ഒസല്ലേയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡിപ്പോര്‍ട്ട് ചെയ്തത്.

റിസര്‍ച് വീസയിലാണ് ഫിലിപ്പോ കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് മത്സ്യത്തൊഴികളെ കുറിച്ചുള്ള ഒരു ഗവേഷണ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായിരുന്നു ഇദ്ദേഹം വന്നത്. എന്നാല്‍ യാതൊരു കാരണവും വിശദീകരിക്കാതെയാണ് ഫിലിപ്പോ ഒസെല്ലയെ മടക്കി അയച്ചതെന്ന് സംഘാടകരില്‍ ഒരാളായ ജെ ദേവിക വ്യക്തമാക്കി. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും കാരണം വ്യക്തമാക്കാന്‍ കഴിയില്ലെന്നും എഫ് ആര്‍ ആര്‍ ഒ അധികൃതര്‍ നിലപാടെടുത്തു.

 

Top