കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

pinarayi-vijayan

തിരുവനന്തപുരം: കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന ഈ സുദിനം ഓരോ മലയാളിയ്ക്കും ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റേയും മുഹൂര്‍ത്തമാണ്. ആധുനിക കേരളത്തിന്റെ ചരിത്രത്തെ അഭിമാനത്തോടേയും, അതേ സമയം, വിമര്‍ശനബുദ്ധിയോടേയും വിലയിരുത്തുമെന്നും നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി സ്വയം സമര്‍പ്പിക്കുമെന്നും ഓരോരുത്തരും ഉറക്കെ പ്രഖ്യാപിക്കേണ്ട സന്ദര്‍ഭം കൂടിയാണിത്.

1956 നവംബര്‍ 1നു രൂപം കൊണ്ടതു മുതല്‍ ഐക്യകേരളം എന്ന സങ്കല്പത്തെ അര്‍ത്ഥവത്താക്കുന്ന രീതിയിലാണ് നമ്മുടെ നാട് വളര്‍ന്നത്. വര്‍ഗീയതയും ജാതിവിവേചനവും തീര്‍ത്ത വെല്ലുവിളികള്‍ മറികടന്നു മതസാഹോദര്യവും ജനാധിപത്യമൂല്യങ്ങളും മുറകെപ്പിടിച്ചു മുന്നോട്ടു പോകാന്‍ നമുക്കായി. വിദ്യാഭ്യാസവും ആരോഗ്യവും ഭക്ഷണവും ജനക്ഷേമവും ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നിറവേറ്റാന്‍ കേരളത്തിനു സാധിച്ചു. അക്കാര്യങ്ങളിലെല്ലാം ലോകത്തിനു തന്നെ മാതൃകയായി മാറാന്‍ നമുക്ക് കഴിഞ്ഞു.

നവോത്ഥാന മുന്നേറ്റങ്ങളും കര്‍ഷകതൊഴിലാളി വര്‍ഗ പോരാട്ടങ്ങളും തീര്‍ത്ത അടിത്തറയില്‍ ചുവടുറപ്പിച്ചു നിന്നാണ് ഈ നേട്ടങ്ങള്‍ കേരളം കൊയ്തത്. ഇടതുപക്ഷ സര്‍ക്കാറുകള്‍ നേതൃത്വം നല്‍കിയ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ നിയമവുള്‍പ്പെടെയുള്ള വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ അവയ്ക്ക് പിന്നില്‍ ചാലകശക്തിയായി വര്‍ദ്ധിച്ചു. ഇത്തരത്തില്‍ ആര്‍ജ്ജിച്ച രാഷ്ട്രീയ സാമൂഹിക ബോധമാണ് കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത്. ആ ആര്‍ജ്ജവമാണ് ഒരു പ്രതിസന്ധിയ്ക്കു മുന്നിലും തളര്‍ന്നു പോകാതെ നമ്മളെ കാത്തത്. മുഖ്യമന്ത്രി പറഞ്ഞു.

ഐക്യകേരളത്തിനായി പൊരുതിയ ജനലക്ഷങ്ങള്‍ ഭാവികേരളത്തെ കുറിച്ചു കണ്ട സ്വപ്നങ്ങള്‍ നമ്മള്‍ ഏറ്റെടുക്കേണ്ടതുണ്ട്. ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷം നടപ്പിലാക്കുന്നത്. സമഗ്രവും സര്‍വതലസ്പര്‍ശിയുമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ സാമൂഹ്യക്ഷേമവും വിദ്യാഭ്യാസ ആരോഗ്യമേഖലകളിലെ പദ്ധതികളും മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കി. നിരവധി കാര്യങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റി നാടിന്റെ യശസ്സുയര്‍ത്താന്‍ സാധിച്ചു.

നമ്മുടെ നാട് ഇനിയുമേറെ മുന്നേറാനുണ്ട്. കേരളത്തിന്റെ അഭിമാനാര്‍ഹമായ സവിശേഷതകള്‍ നഷ്ടപ്പെട്ടു പോകാതെ അവയെ കൂടുതല്‍ കരുത്തുറ്റതാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഈ കേരളപ്പിറവി ദിനത്തില്‍ നമ്മള്‍ ഏറ്റെടുക്കേണ്ടത്. ഭിന്നിപ്പിന്റേയും വെറുപ്പിന്റേയും ശക്തികള്‍ക്കെതിരെ പോരാടി നാം പടുത്തുയര്‍ത്തിയ നാടാണിത്. ആ പോരാട്ടം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കേണ്ടതുണ്ട്. ഐക്യത്തിന്റേയും സമാധാനത്തിന്റേയും സമൃദ്ധിയുടേയും നാളെകള്‍ക്കായി നമുക്ക് ഒരുമിച്ച് നില്‍ക്കാം. ഏവര്‍ക്കും ഹൃദയപൂര്‍വം കേരളപ്പിറവി ആശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top