മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തും;ഫെബ്രുവരി 18ന് മുഖാമുഖം പരിപാടി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തും. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഫെബ്രുവരി 18നാണ് മുഖാമുഖം പരിപാടി. വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുക്കും. നവകേരള സദസിന്റെ തുടര്‍ച്ചയായി പിണറായി വിജയന്‍ തെരഞ്ഞെടുക്കപ്പെട്ട 10 മേഖലയില്‍ നിന്നുള്ളവരുമായി നടത്തുന്ന മുഖാമുഖം പരിപാടിയുടെ ആദ്യപതിപ്പാണ് കോഴിക്കോട് നടക്കുക.

വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തില്‍ ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങളാണ് ചര്‍ച്ചയാവുക. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ നീളുന്ന പരിപാടിയില്‍ 2000 കുട്ടികള്‍ പങ്കെടുക്കും. സംസ്ഥാനത്ത് നിന്ന് വ്യാപകമായി വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുന്നത് വലിയ ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നീക്കം.

നിയമസഭയില്‍ പ്രചാരണത്തെ എതിര്‍ത്ത മുഖ്യമന്ത്രി വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് മറുപടി നല്‍കുമെന്നതും ശ്രദ്ധേയം. ഓരോ കോളേജുകളില്‍ നിന്നും രണ്ട് കുട്ടികള്‍ക്കാണ് അവസരം. പകുതി പെണ്‍കുട്ടികളായിരിക്കണമെന്നും നിബന്ധന. ഉന്നത വിദ്യാഭ്യാസമേഖലയെ കുറിച്ചുള്ള കുട്ടികളെഴുതിയ ഉപന്യാസങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍ക്കാണ് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യം ചോദിക്കാനുള്ള അവസരം ലഭിക്കുക. വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും മുഖ്യമന്ത്രിക്കൊപ്പം പരിപാടിയിലെത്തും.

Top