സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേരളത്തില്‍ എതിര്‍പ്പ് തുടരുന്നത് ദുരഭിമാനം മൂലം: മുഖ്യമന്ത്രി

തളിപ്പറമ്പ്: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേരളത്തില്‍ എതിര്‍പ്പ് തുടരുന്നത് ദുരഭിമാനം മൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരഭിമാനത്തെ തുടര്‍ന്ന് പഴയ അവസ്ഥയില്‍ കെട്ടിയിട്ട നിലയിലാണ് കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്തവരെന്നും മുഖ്യമന്ത്രി പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ നവ കേരള സദസ്സില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ജനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണമായും ഒഴിവാക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കെ-റെയില്‍ വരില്ലെന്ന് ബിജെപി നേതാവ് പറയുന്നത് കേട്ടു. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം വരുമാനമുള്ള വന്ദേ ഭാരത് ആണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. വന്ദേ ഭാരത് വന്നതോടെ കെ-റെയില്‍ പദ്ധതിയുടെ ആവശ്യകത നാട്ടുകാര്‍ തിരിച്ചറിഞ്ഞു. വന്ദേ ഭാരത് സര്‍വീസിനായി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നത് മൂലം ജനം ബുദ്ധിമുട്ടിലായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ട്രെയിനുകള്‍ വേഗത്തിലോടാന്‍ റെയില്‍വേ അടിസ്ഥാന സൗകര്യം വികസിപ്പിക്കണം. എന്നാല്‍ അതിന് കാലങ്ങള്‍ ആവശ്യമായി വരും. അത്രയും കാലം ജനം കാത്തിരിക്കേണ്ടി വരും. അത് യാഥാര്‍ത്ഥ്യമായാല്‍ ടിക്കറ്റിന് കൂടുതല്‍ പണം ആവശ്യമായി വരും. അവിടെയാണ് പുതിയ ട്രാക്കിന്റെ ആവശ്യം. ആ ബോധം കൂടുതല്‍ ആളുകള്‍ക്ക് വരുന്നുണ്ട്. എന്നാല്‍ പഴയ നിലപാടിലെ ദുരഭിമാനം മൂലം പഴയ അവസ്ഥയില്‍ കെട്ടിയിട്ട നിലയിലാണ് കെ റെയിലിനെ എതിര്‍ത്തവര്‍. ദുരഭിമാനം മൂലമാണ് എതിര്‍പ്പ് തുടരുന്നത്. ഏത് പേരിട്ടാലും സംസ്ഥാനത്ത് അതിവേഗ റെയില്‍പാത ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top