അസത്യങ്ങൾ പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തിയെ തകർക്കാനാവില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ കാര്യങ്ങള്‍ കേസിലെ പ്രതിയെ കൊണ്ട് ചിലര്‍ പറയിക്കുന്നു എന്ന് വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രി ആരോപിക്കുന്നു. സ്വപ്‌ന സുരേഷിന്റെ പേര് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി നല്ലരീതിയില്‍ മുന്നോട്ടുപോകുന്ന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തലാണ് ലക്ഷ്യം. എന്നാല്‍ അസത്യങ്ങള്‍ പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ഇച്ഛാശക്തിയെ തകര്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ഏറ്റെടുക്കുന്നതും ഗൂഢപദ്ധതിയുടെ ഭാഗമായാണ്. അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയും. ഈ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സങ്കുചിത രാഷ്ട്രീയ താത്പര്യമാണെന്നും പിണറായി വിജയന്‍ ആരോപിക്കുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലാണ് സ്വപ്‌ന സുരേഷ് നടത്തിയത്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തായിരുന്നപ്പോള്‍ ബാഗേജ് ക്ലിയറന്‍സിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്നെ വിളിച്ചെന്നും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോണ്‍സുല്‍ ജനറല്‍ സാധനങ്ങള്‍ കൊടുത്തയച്ചു എന്നുമാണ് സ്വപ്‌ന സുരേഷിന്റെ ആരോപണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്‌ന സുരേഷ്.

Top