സില്‍വര്‍ലൈന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി, നാടിന്റെ പുരോഗതിക്ക് തടസം നില്‍ക്കുന്ന ഒരു വിഭാഗമായി പ്രതിപക്ഷം മാറിയെന്നും വിമര്‍ശനം

കൊല്ലം: സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും ജനപിന്തുണയോടെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ല. നാടിന്റെ പുരോഗതിക്ക് തടസം നില്‍ക്കുന്ന ഒരു വിഭാഗമായി നാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം മാറിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

‘നമ്മുടെ നാടിന്റെ പുരോഗതിക്ക് തടസം നില്‍ക്കുന്ന ഒരു വിഭാഗമായി നാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള പ്രതിപക്ഷം മാറി. അതോടൊപ്പം ബിജെപിയും സമാന നിലപാട് സ്വീകരിക്കും. ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ട്. സര്‍ക്കാര്‍ എന്തൊക്കെ പ്രഖ്യാപിച്ചിട്ടുണ്ടോ ജനപിന്തുണയോടെ അതെല്ലാം നടപ്പിലാക്കും. കടലാസില്‍ കിടക്കുന്നതായിരിക്കില്ല. എല്ലാം പൂര്‍ണമായ തോതില്‍ നടപ്പാക്കും.’ കൊല്ലത്ത് കെഎസ്ടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സില്‍വര്‍ ലൈനിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുന്നതിനിടെയാണ് പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. സര്‍വ്വേ കല്ല് സ്ഥാപിക്കുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

Top