മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിൽ ഫൈസർ മേധാവികളുമായി കൂടിക്കാഴ്ച നടത്തി

ന്യൂയോർക്ക് : അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഫൈസറിന്റ സീനിയർ വൈസ് പ്രസിഡന്റുമാരായ ഡോ. രാജാ മൻജിപുടി, ഡോ. കണ്ണൻ നടരാജൻ, ഡോ. സന്ദീപ് മേനോൻ എന്നിവർ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.

കൂടിക്കാഴ്ചയിൽ, ചെന്നൈയിലുള്ള ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ഒരു ശാഖ കേരളത്തിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നു. പ്രീ ക്ലിനിക്കൽ ഗവേഷ രംഗത്ത് കേരളത്തിനു നൽകാവുന്ന സംഭാവനകളെ പറ്റി ഫൈസർ ചോദിച്ചു മനസിലാക്കി. ബയോടെക്നോളജി, ബയോ ഇൻഫോമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്പൈഡ് മാത്തമാറ്റിക്സ് മേഖലയിലുള്ള കേരളത്തിലെ ഗവേഷണ സമ്പത്ത് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നും സംഘം ചർച്ച ചെയ്തു.

ആരോഗ്യരംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ യോഗത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഡിജിറ്റൽ സയൻസ് പാർക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള താൽപര്യവും ഫൈസർ പ്രതിനിധികൾ പങ്കുവച്ചു. സെപ്റ്റംബറിനകം ഫൈസറിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം സംസ്ഥാനം സന്ദർശിക്കും.

മുഖ്യമന്ത്രിക്കു പുറമേ, ചീഫ് സെക്രട്ടറി വി.പി.ജോയി, പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ഡോ. ജോൺ ബ്രിട്ടാസ് എംപി, ഐടി സെക്രട്ടറി ഡോ. രത്തൻ യു.ഖേൽക്കർ, സ്നേഹിൽ കുമാർ സിങ്, സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവരും ചർച്ചയില്‍ പങ്കെടുത്തു.

Top