‘അഴിമതി രഹിത കേരളം പദ്ധതി’ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കമായി. നാലാഞ്ചിറ ​ഗിരിദീപം കൺവന്‍ഷനല്‍ സെന്ററിൽ വെച്ച് നടന്ന സംസ്ഥാനത തല പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ലഹരി പോലെ സമൂഹത്തെ കാർന്നു തിന്നുന്ന വിപത്തായ അഴിമതിയെ സംസ്ഥാനത്ത് നിന്നും തുടച്ച് നീക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏതൊരു നാടിന്റേയും സുസ്ഥിര വികസനത്തിന് അഴിമതി രഹിത ഭരണം ആവശ്യമാണ്. ആ കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. എല്ലാ തലത്തിലും അഴിമതി പൂർണമായും തുടച്ചു നീക്കിയിട്ടില്ല. നേരത്തെ വ്യാപകമായിരുന്ന വിപത്ത് ഒഴിവാക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേത്യ തലത്തിൽ അഴിമതി ഒഴിവാക്കി. നിയമനം, സ്ഥലമാറ്റം എന്നിവയില്‍ അഴിമതി വ്യാപകമായിരുന്നു. അത് ഒഴിവാക്കാൻ കഴിഞ്ഞു. വലിയ ബോധവത്ക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കാർക്കെതിരെ “Zero Tolerance” വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാടിന്റെ വികസനത്തെ പിന്നോട്ട് നയിക്കുന്ന ഒരു വിപത്താണ് അഴിമതി എന്ന് പുതു തലമുറയെ മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടിയും ഭാവി തലമുറയുടെ വാ​ഗ്ദാനങ്ങളായ വിദ്യാർത്ഥികളും യുവജനങ്ങളേയും ഇതിന്റെ മുൻ നിര പോരാളികളാക്കുന്നതിന് വേണ്ടിയും അഴിമതി രഹിത കേരളം എന്ന സംസ്ഥാന വ്യാപകമായ ഒരു പ്രചാരണം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിജിലൻസ് ആന്‍ഡ്‌ ആന്റി കറപ്ഷൻ ബ്യൂറോ സംഘടിപ്പിച്ചിട്ടുള്ളത്.

Top